ഭൂമി തരംമാറ്റം: അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി
1451501
Sunday, September 8, 2024 3:24 AM IST
കൊച്ചി: സംസ്ഥാനത്തെ വിവിധ റവന്യു ഡിവിഷണല്‍ ഓഫീസുകളിലും ഡെപ്യൂട്ടി കളക്ടര്‍ ഓഫീസുകളിലുമുള്ള 25 സെന്റ് വരെ ഭൂമി തരംമാറ്റ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കുന്നതിന് അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്. മന്ത്രിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ കളക്ടര്‍മാരായിരിക്കും അദാലത്തുകള്‍ സംഘടിപ്പിക്കുക.
ഓരോ താലൂക്കിന്റെയും പരിധിയില്‍ വരുന്ന അപേക്ഷകള്‍ നിശ്ചിത ദിവസങ്ങളില്‍ നടക്കുന്ന അദാലത്തില്‍ പരിഗണിക്കും. എറണാകുളത്ത് നടക്കുന്ന ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
നിലവില്‍ 2,83,097 അപേക്ഷകളാണ് കുടിശികയായുള്ളത്. സംസ്ഥാനത്ത് തരംമാറ്റ അപേക്ഷകളുടെ വര്‍ധന കണക്കിലെടുത്താണ് 27 റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കുണ്ടായിരുന്ന തരം മാറ്റത്തിനുള്ള അധികാരം ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കു കൂടി നല്കി നിയമ ഭേദഗതി വരുത്തിയതെന്നു മന്ത്രി പറഞ്ഞു. നിലവില്‍ 71 ഓഫീസുകളിലാണ് തരംമാറ്റ അപേക്ഷകള്‍ കൈകാര്യം ചെയ്തുവരുന്നത്.
സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ അപേക്ഷകള്‍ കുടിശികയായത് എറണാകുളം ജില്ലയിലെ ഫോര്‍ട്ടുകൊച്ചി, മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലായിരുന്നു. ഇപ്പോള്‍ ജില്ലയില്‍ രണ്ടു റവന്യൂ ഡിവിഷനുകള്‍ക്ക് പുറമെ അധികമായി നാല് ഡെപ്യുട്ടി കളക്ടര്‍മാര്‍ക്കു കൂടി ചുമതല നല്‍കിയിട്ടുണ്ട്. യോഗം ഇന്നും തുടരും.