കന്നി 20 തീർഥാടനം; പതാക പ്രയാണം നാളെ ആരംഭിക്കും
1451302
Saturday, September 7, 2024 3:55 AM IST
കോതമംഗലം: കന്നി 20 തീർഥാടനത്തിന്റെ പതാക പ്രയാണം നാളെ തിരുവനന്തപുരത്തുനിന്നും ആരംഭിക്കും.
ആഗോള സർവമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 339-ാം ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് കോതമംഗലം തീർഥാടനത്തിന്റെ പതാക പ്രയാണം തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽനിന്നും നാളെ രാവിലെ എട്ടിന് കുർബാനയോടുകൂടി ആരംഭിക്കും. കുർബാനാനന്തരം മന്ത്രി വി. ശിവൻകുട്ടി പതാക പ്രയാണം ഫ്ലാഗ് ഓഫ് ചെയ്യും. മലങ്കര മെത്രപ്പോലീത്ത ജോസഫ് മാർ ഗീഗോറിയോസ് അധ്യക്ഷത വഹിക്കും.
സഭയിലെ വൈദീകർ, കമാൻഡർമാർ, ഷെവലിയാർമാർ, വിവിധ ഭക്തസംഘടന പ്രവർത്തകർ എന്നിവർ പങ്കെടുക്കും. കോതമംഗലം തീർഥാടന പതാക പ്രയാണ സംഘം തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ 450ഓളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഒന്‍പതിന് വൈകുന്നേരം അഞ്ചിന് എത്തിച്ചേരുന്പോൾ തങ്കളം ജംഗ്ഷനിൽ കോതമംഗലം നഗരസഭ സ്വീകരണം നൽകും.
ആന്റണി ജോണ്‍ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, നഗരസഭാധ്യക്ഷൻ കെ.കെ. ടോമി, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ്, കണ്‍വീനർ കെ. നൗഷാദ് എന്നിവർ ചേർന്ന് സ്വീകരിക്കും.
തുടർന്ന് പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന മാർത്തോമ ചെറിയ പള്ളിയിൽ എത്തിച്ചേരുമെന്ന് സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ പള്ളി വികാരി ഫാ. അനീഷ് ടി. വർഗീസ്, കോതമംഗലം മാർത്തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ എന്നിവർ അറിയിച്ചു.