മൂവാറ്റുപുഴയിലെ ഗതാഗതക്കുരുക്ക് : പരിഹാരമായി പുതിയ ബൈപാസ് നിർദേശം
1451299
Saturday, September 7, 2024 3:55 AM IST
മൂവാറ്റുപുഴ: അനുദിനം രൂക്ഷമാകുന്ന മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി പുതിയ ബൈപാസ് നിർദേശം. ഏറെ പ്രതീക്ഷയോടെ സാമൂഹിക പ്രവർത്തകനായ കടാതി മംഗലത്ത് പ്രമോദ് കുമാറാണ് പുതിയ ബൈപാസ് നിർദേശം മന്ത്രി മുഹമ്മദ് റിയാസ് അടക്കമുളളവർക്ക് നൽകിയത്. പദ്ധതി യാഥാർഥ്യമായാൽ മൂവാറ്റുപുഴയ്ക്ക് റിംഗ് റോഡ് സ്വന്തമാകും.
നഗരത്തിൽ പ്രവേശിക്കാതെ ദീർഘദൂര യാത്ര, ചരക്ക് വാഹനങ്ങൾക്ക് കൊച്ചി, കോട്ടയം, തൃശൂർ, മൂന്നാർ, തൊടുപുഴ, പിറവം തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകാം. ഇതാടെ മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകും. താരതമ്യേന കുറഞ്ഞ ദൂരത്തിലും ചെലവിലും പദ്ധതി യാഥാർഥ്യമാക്കാനാകും.
ദേശീയ പാതയും എംസി റോഡ് ഉൾപ്പെടെയുള്ള നാല് സംസ്ഥാന പാതകൾ സംഗമിക്കുന്ന നഗരമെന്ന നിലയിൽ മൂവാറ്റുപുഴയിൽ ഇപ്പോൾ അനുഭവപ്പെട്ടുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തുന്നത് അത്യന്താപേക്ഷിതമാണ്.
സംസ്ഥാനപാത (എസ്എച്ച്-8) ലൂടെ തൊടുപുഴ ഭാഗത്ത്നിന്നും വരുന്ന വാഹനങ്ങൾക്ക് മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്കിലകപ്പെടാതെ യാത്ര തുടരുവാനുള്ള സാഹചര്യമൊരുക്കുന്ന തരത്തിൽ ഏകദേശം 1.4 കിലോമീറ്റർ ദൂരമുള്ള പുതിയ തെക്കൻകോട് ബൈപാസ് നിർദേശമാണ് ഉയർന്നുവന്നിരിക്കുന്നത്.
തൊടുപുഴ റോഡിൽനിന്നും മൂവാറ്റുപുഴ നഗരത്തിലേക്ക് വരുന്പോൾ നിർമല കോളജ് കഴിഞ്ഞ് ലബ്ബക്കടവ് റോഡിലൂടെ പുഴത്തീരത്തെത്തി പുതിയ പാലം നിർമിച്ച് തെക്കൻകോട് ഭാഗത്തുള്ള എസ്തോസ് റോഡിനും പള്ളിക്കാവ് റോഡിനും ഇടയിലൂടെ ആരക്കുഴ റോഡ് (എസ്എച്ച്-41) മുറിച്ചുകടന്ന് മാടവന ക്ഷേത്ര റോഡ് ആരംഭിക്കുന്ന ഭാഗത്ത് എംസി റോഡിൽ പ്രവേശിക്കും വിധത്തിലാണ് ബൈപാസ് നിർദേശം.
10 മുതൽ 15 മീറ്റർ വരെ വീതിയുള്ള രണ്ടുവരി പാത മതിയാകുമെന്നതും തൊടുപുഴയാറിലെ താരതമ്യേന വീതികുറഞ്ഞ ഭാഗമായതിനാൽ പരമാവധി രണ്ട് സ്പാനിൽ പാലം തീർക്കുവാൻ സാധിച്ചേക്കുമെന്നതും ചെലവ് കുറയ്ക്കും. വീടുകൾ ഒഴിവാക്കിയുള്ള സ്ഥലം ഏറ്റെടുപ്പ് മതിയാകും.
ഈ ബൈപാസിലൂടെ വരുന്ന യാത്രികർക്ക് നഗരത്തിൽ പ്രവേശിക്കാതെതന്നെ ആരക്കുഴ റോഡ് (എസ്എച്ച്-41), എംസി റോഡ് (എസ്എച്ച്-1), പിറവം റോഡ് എന്നിവയിലൂടെയും നിർദിഷ്ട 130 ജംഗ്ഷൻ കടാതി, കാരക്കുന്നം-കടാതി (എൻഎച്ച്-85) എന്നീ ബൈപാസുകളിൽ പ്രവേശിച്ച് എറണാകുളം, തൃശൂർ, മൂന്നാർ ഭാഗങ്ങളിലേക്കും തിരിച്ചും യാത്ര തുടരാനാകും.
മന്ത്രിക്ക് പുറമെ മാത്യു കുഴൽനാടൻ എംഎൽഎ, നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് എന്നിവർക്ക് രൂപരേഖ സഹിതം നിവേദനം നൽകിയിട്ടുണ്ട്.