കുട്ടികളുടെ അത്യാഹിത ചികിത്സ: മണ്‍സൂണ്‍ ശില്പശാല നാളെ
1451297
Saturday, September 7, 2024 3:55 AM IST
കൊച്ചി: ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് കൊച്ചി ശാഖയും ആസ്റ്റര്‍ മെഡ്സിറ്റിയിലെ പീഡിയാട്രിക്സ് ആന്‍ഡ് നിയോനാറ്റോളജി സെന്റര്‍ ഓഫ് എക്സലന്‍സുമായി ചേര്‍ന്ന് കുട്ടികളുടെ അത്യാഹിത ചികിത്സ എന്ന വിഷയത്തില്‍ മണ്‍സൂണ്‍ ശില്പശാല സംഘടിപ്പിക്കുന്നു. നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 4.30 വരെ കലൂര്‍ ഐഎംഎ ഹൗസിലാണ് പരിപാടി .
കുട്ടികളുടെ അത്യാഹിതചികിത്സയുമായി ബന്ധപ്പെട്ട നൂതനവിഷയങ്ങളിന്മേല് സമഗ്രമായ അറിവ് ഡോക്ടര്‍മാര്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. കുട്ടികള്‍ക്കായുള്ള ഐസിയു സംവിധാനങ്ങളുടെ (പിഐസിയു) പ്രവര്‍ത്തനവും ചര്‍ച്ചയാകും.
കുട്ടികള്‍ക്കേല്‍ക്കുന്ന പാമ്പുകടി, പൊള്ളല്‍, ഹൃദയാഘാതം, അര്‍ബുദം, എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള നിരവധി സെഷനുകള്‍ നടക്കും. മുതിര്‍ന്ന പീഡിയാട്രിക് ഡോക്ടര്‍മാരും അനുബന്ധ സ്പെഷാലിറ്റികളില് വൈദഗ്ധ്യവും പരിചയസമ്പത്തുള്ള ഡോക്ടര്‍മാരും ക്ലാസുകള്‍ നയിക്കും.
ഇതിനു മുന്നോടിയായി 'സിമുലേഷന്‍ ഇന്‍ ട്രെയിനിംഗ് ഇന്‍ എമര്‍ജന്‍സി പീഡിയാട്രിക്സ് ആന്‍ഡ് വെന്റിലേഷന്' എന്ന പ്രമേയമത്തെ അടിസ്ഥാനമാക്കി ഇന്ന് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ വര്‍ക്ഷോപ്പ് നടക്കും.