കഴിഞ്ഞ മാസത്തെ പരിശോധന : മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയ പിഴ 75 ലക്ഷം
1451284
Saturday, September 7, 2024 3:29 AM IST
കൊച്ചി: വിവിധ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം കഴിഞ്ഞ മാസം ജില്ലയില്‍ സമാഹരിച്ചത് 75 ലക്ഷം രൂപ. ഇത് എക്കാലത്തെയും ഉയര്‍ന്ന വരുമാനമാണ്. സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനകളും ഇതില്‍ ഉള്‍പ്പെടും. പ്രതിമാസം ഒരു കോടി രൂപ പിഴ നോട്ടീസ് അയയ്ക്കുന്നുണ്ടെങ്കിലും വകുപ്പിന്റെ ശരാശരി വരുമാനം 40 ലക്ഷം രൂപയായിരുന്നു ഇതുവരെ.
75 ലക്ഷം രൂപയില്‍ 25 ശതമാനവും ഓവര്ലോഡിംഗില് നിന്നാണ് ലഭിച്ചിട്ടുള്ളത്. ജില്ലയില്‍ അടുത്തിടെ നടന്ന രണ്ട് അപകടങ്ങളെ തുടര്‍ന്ന് ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടെ അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ എംവിഡി നടപടി ശക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസം മാത്രം 3,100 കേസുകളാണ് വിവിധയിടങ്ങളിലായി നിയമലംഘനങ്ങളുടെ പേരില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിച്ചതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളിലേറെയും.
ജില്ലയിൽ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ അധികവും പുറത്തുനിന്നുള്ളവരുടെ പേരിലുള്ളതാണ്. ഇതില്‍ യുവാക്കളാണ് മുന്‍പന്തിയില്‍.