എടിഎം കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം; യുവാവ് അറസ്റ്റില്‍
1451282
Saturday, September 7, 2024 3:29 AM IST
കൊച്ചി: എടിഎം കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം നടത്തുകയും മൂന്നു ലക്ഷം രൂപയുടെ നാശം വരുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ പുളിമൂട് പുത്തന്‍വീട്ടില്‍ പ്രദീപ് ജോര്‍ജിനെ(44)യാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയി, എസ്ഐ സി. അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 27ന് രാത്രി 11.29നും 11.45നും മധ്യേ പ്രതി എറണാകുളം മാധവ ഫാര്‍മസി ജംഗ്ഷനിലെ പിഎന്‍വിഎം ബില്‍ഡിംഗിലുള്ള ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടത്തിയത്. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറിനകത്ത് അതിക്രമിച്ചു കയറി പണം മോഷ്ടിക്കുന്നതിനായി ബാങ്ക് സിഡിഎമ്മും ബാങ്ക് എടിഎമ്മും കുത്തിത്തുറന്ന് കേടുപാടുകള്‍ വരുത്തുകയായിരുന്നു.
ഏകദേശം മൂന്നു ലക്ഷം രൂപയുടെ നഷ്ടമാണ് വരുത്തിയത്. തുടര്‍ന്ന് പ്രതി സമീപത്തെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്നു. നാല്പതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.