അത്തം ചമഞ്ഞാടി രാജനഗരി
1451278
Saturday, September 7, 2024 3:29 AM IST
ഷിബു ജേക്കബ്
തൃപ്പൂണിത്തുറ: ഓണാഘോഷങ്ങളുടെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ നടന്ന അത്തം ഘോഷയാത്ര രാജവീഥിയിലെത്തിയ ജനസഞ്ചയത്തിന് ദൃശ്യവിരുന്നായി. വടക്കേ മലബാറിലെയും തെക്കൻ തിരുവിതാംകൂറിലെയും പ്രാചീന കലാരൂപങ്ങൾ ഘോഷയാത്രയിൽ നിറഞ്ഞാടി.
രാവിലെ ഉദ്ഘാടന സമയത്ത് ഇടയ്ക്ക് മഴ പെയ്തെങ്കിലും പിന്നീട് ആകാശം തെളിഞ്ഞതോടെ ശോഭ കെടാതെ ഘോഷയാത്ര നഗരം ചുറ്റി അത്തം നഗറിൽ തിരിച്ചെത്തി.
പഴയ കാലത്തെ രാജവിളംബരത്തെ അനുസ്മരിപ്പിച്ച് പെരുമ്പറ മുഴക്കി നകാരയും മാവേലി തമ്പുരാനും നയിച്ച ഘോഷയാത്രയുടെ പിന്നാലെയെത്തിയ സ്കൂൾ കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ വീഥികളിൽ വർണങ്ങളുടെ മനോഹാരിത പകർന്നു.
പിന്നാലെയെത്തിയ തെയ്യം, പുലികളി സംഘങ്ങൾ, വിവിധങ്ങളായ കാവടികൾ, കൃഷ്ണനാട്ടം, ബൊമ്മലാട്ടം, കരകാട്ടം, പടയണി, ഗരുഡൻ പറവ, ചിന്ത് മേളം, കുമ്മാട്ടി, തെയ്യങ്ങൾ, മയിൽ നൃത്തം, പുരാണ കഥാപാത്രങ്ങൾ, പ്രച്ഛന്നവേഷ രൂപങ്ങൾ തുടങ്ങി നിരവധി നാടൻ കലാരൂപങ്ങൾ അത്തം ഘോഷയാത്രയുടെ നാടൻ പ്രൗഢി വിളിച്ചോതി. അത്തം നഗറിൽ നിന്നും പുതിയ ബസ് സ്റ്റാൻഡ്, സ്റ്റാച്യൂ, കിഴക്കേക്കോട്ട, പഴയ ബസ് സ്റ്റാൻഡ് തുടങ്ങി എല്ലായിടത്തും റോഡിന്റെ ഇരുവശവും വൻ ജനസഞ്ചയമാണ് തടിച്ചു കൂടിയത്.
സമകാലിക സംഭവങ്ങളും പുരാണങ്ങളും പ്രമേയമാക്കിയ നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് പകിട്ടേകി. ആട് ജീവിതം, ആമയിഴഞ്ചാൻ തോട് ദുരന്തം, ചരിത്രത്തിലില്ലാതെ പോയ ആമചാടി തേവൻ, ഗവ.ആയുർവേദ കോളജ് വിദ്യാർഥികൾ അവതരിപ്പിച്ച ഡോക്ടറുടെ കൊലപാതകം, ജീസസ് യൂത്ത് എറണാകുളം അവതരിപ്പിച്ച പ്ലോട്ട്, ചങ്ങമ്പുഴയുടെ വാഴക്കുല, ഒരു ചാൺ വയറിനു വേണ്ടി, കാഴ്ച പരിമിതനായ രാംകുമാർ അവതരിപ്പിച്ച നേത്രദാനം എന്നീ നിശ്ചല ദൃശ്യങ്ങൾ ആകർഷകമായി.
ഘോഷയാത്ര നഗരം ചുറ്റി അത്തംനഗറിൽ തിരിച്ചെത്തിയതോടെ സിയോൻ ഓഡിറ്റോറിയത്തിൽ പൂക്കള മത്സരങ്ങളുടെ പ്രദർശനം നടന്നു. അത്തം നഗറിൽ വൈകിട്ട് സംവിധായകൻ വിഷ്ണു മോഹൻ, നടി നിഖില വിമൽ, നടൻ ഹക്കീം ഷാജഹാൻ, അനു മോഹൻ എന്നിവർ ചേർന്ന് കലാസന്ധ്യ ഉദ്ഘാടനം ചെയ്തു.
സ്നേഹത്തിന്റെ സംസ്കാരം കൈമോശം വരാതെ സൂക്ഷിക്കണം: സ്പീക്കർ
തൃപ്പൂണിത്തുറ: പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച വയനാടിനായി നമ്മൾ പ്രകടിപ്പിച്ച സ്നേഹത്തിന്റെ സംസ്കാരം കൈമോശം വരാതെ സൂക്ഷിക്കണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. തൃപ്പൂണിത്തുറയിൽ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ.
വേദനിക്കുന്നവരുടെ പക്ഷത്താണ് നാം, വയനാടിനായി നാട് കൈകോർത്തതിലൂടെ നാം നൽകുന്ന സന്ദേശവും ഇതാണ്. പരസ്പരം പഴിചാരാതെ വിഭാഗീതയില്ലാത്ത നാടിനായി നമുക്ക് അണിചേരാമെന്ന് അദ്ദേഹം പറഞ്ഞു. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.ഫ്രാൻസിസ് ജോർജ് എംപി അത്തപ്പതാക ഉയർത്തി.
വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയശേഷം തുടങ്ങിയ ചടങ്ങിൽ നെട്ടൂർ തങ്ങൾ, കരിങ്ങാച്ചിറ കത്തനാർ, ചെമ്പിലരയൻ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാധ്യക്ഷ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, ജനറൽ കൺവീനർ കെ.വി. സാജു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വർണോജ്വലമായ അത്തച്ചമയ ഘോഷയാത്ര രാജവീഥിയിലേക്കിറങ്ങി.