പാന്പാക്കുട യുഡിഎഫിൽ കലാപം : പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു
1451277
Saturday, September 7, 2024 3:29 AM IST
പിറവം: പാന്പാക്കുട പഞ്ചായത്തിലെ യുഡിഎഫിലെ കലാപത്തിനൊടുവിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു. പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ തോമസ് തടത്തിൽ, വൈസ് പ്രസിഡന്റായിരുന്ന കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗത്തിലെ രാധ നാരായണൻകുട്ടി എന്നിവരാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമർപ്പിച്ചത്.
യുഡിഎഫിനുള്ളിൽ കഴിഞ്ഞ കുറച്ചു വർഷമായിട്ടുള്ള തർക്കമാണ് രാജിയിൽ കലാശിച്ചത്. പഞ്ചായത്ത് കമ്മിറ്റിപോലും വിളിച്ചു ചേർക്കാനാകാത്ത വിധത്തിൽ പ്രസിഡന്റും യുഡിഎഫ് അംഗങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായിരുന്നു.
കഴിഞ്ഞ മാസം രണ്ട് തവണ കമ്മിറ്റി നിശ്ചയിച്ചെങ്കിലും തർക്കം കടുത്തതോടെ മാറ്റി. ഒരു മാസം ഒരു കമ്മിറ്റിയെങ്കിലും കൂടി പദ്ധതി നിർവഹണവും അത്യാവശ്യ അജണ്ടകളും പാസാക്കാനുണ്ടെങ്കിലും ഇരുപക്ഷവും കടുത്ത പോര് തുടർന്നതിനാൽ സാധിച്ചില്ല. 13 അംഗ ഭരണസമിതിയിൽ, യുഡിഎഫ് 9 എൽഡിഎഫ് 4 എന്നതാണ് കക്ഷി നില. യുഡിഎഫിലെ തർക്കം പഞ്ചായത്തിലെ വികസന ക്ഷേമ പ്രവർത്തനങ്ങളെയും, ദൈനംദിന കാര്യങ്ങളെയും ബാധിച്ച സാഹചര്യത്തിൽ എൽഡിഎഫ് സമരവും ആരംഭിച്ചിരുന്നു.
കഴിഞ്ഞ മാസം നടന്ന പാന്പാക്കുട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിമത വിഭാഗം വിജയിച്ചതിനെത്തുടർന്നാണ് തർക്കം രൂക്ഷമായത്. തെരഞ്ഞെടുപ്പിൽ റിബലായി മത്സരിച്ച നാല് കോണ്‍ഗ്രസ് നേതാക്കളെ സ്ഥാനങ്ങളിൽനിന്നും നീക്കിയിരുന്നു.
കോണ്‍ഗ്രസിലെ ഒന്നാം വാർഡ് മെന്പർ ജയന്തി മനോജും, ജേക്കബ് ഗ്രൂപ്പ് നേതാവും രണ്ടാം വാർഡ് മെന്പറുമായ ഫിലിപ്പ് ഇരട്ടയാനിക്കലും വിമതർക്കൊപ്പം മത്സരിച്ച് വിജയിച്ചു. പഞ്ചായത്ത് ഭരണനഷ്ടം ഭയന്ന് ഇവരെ പുറത്താക്കിയില്ല.
ജേക്കബ് വിഭാഗത്തിലെ ബ്ലോക്ക് പഞ്ചായത്തംഗവും, കോണ്‍ഗ്രസിലെ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളുമാണ് യുഡിഎഫ് ഔദ്യോഗിക പാനലിൽ മത്സരിച്ച് തോറ്റത്.