മരത്തിൽ കുടുങ്ങിയ വയോധികനെ രക്ഷിച്ചു
1451018
Friday, September 6, 2024 4:09 AM IST
തൃപ്പൂണിത്തുറ: കുരുമുളക് പറിക്കാൻ കയറി മരത്തിൽ കുടുങ്ങിയ വയോധികനെ അഗ്നിരക്ഷാസേന രക്ഷിച്ചു. റെയിൽവേ ഓവർബ്രിഡ്ജ്ന് സമീപം വീടിനോട് ചേർന്ന മാവിൽ പടർന്നു കയറിയ കുരുമുളക് പറിക്കാൻ കയറിയ കളിപ്പറമ്പിൽ പൗലോസ് (87) ആണ് തിരിച്ചിറങ്ങാൻ കഴിയാത്ത വിധം 20 അടിയോളം മുകളിൽ കുടുങ്ങിയത്.
വിവരമറിഞ്ഞെത്തിയ തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയിലെ എസ്എഫ്ആർഒ ജയകുമാർ, എഫ്ആർഒമാരായ എം.ജി. ദിൻകർ, വി.എ. വിഷ്ണു എന്നിവർ റോപ്പിന്റെയും നെറ്റിന്റെയും സഹായത്താൽ ഏറെ പണിപ്പെട്ട് അദ്ദേഹത്തെ മരത്തിൽ നിന്നും താഴെയിറക്കുകയായിരുന്നു.
സേനാംഗങ്ങളായ എഫ്.ആർ.ഒ മാരായ മണികണ്ഠൻ, എ.ജി. ജിതിൻ, ഡി. മഹേഷ്, എച്ച്.ജി. ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.