മുദ്രപ്പത്ര ക്ഷാമം: ധനകാര്യ മന്ത്രിക്ക് എംഎല്‍എ കത്ത് നല്കി
1451008
Friday, September 6, 2024 3:56 AM IST
അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിലെ മുദ്രപ്പത്ര ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റോജി എം. ജോണ്‍ എംഎല്‍എ ധനകാര്യ മന്ത്രിക്ക് കത്തു നല്കി. 50, 100, 200, 500 രൂപയുടെ മുദ്രപത്രങ്ങള്‍ കിട്ടാനില്ലെന്നും ചെറിയ മുദ്രപത്രങ്ങളുടെ ആവശ്യത്തിന് 1000 രൂപയുടെ മുദ്രപത്രം വാങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്ന സ്ഥിതിയാണെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.
ഇതു ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. വിവാഹ രജിസ്ട്രേഷന്, വിദ്യാഭ്യാസ ആവശ്യങ്ങള്‍, ഭൂമിയുടെ രജിസ്ട്രേഷന്, വാടക കരാര്‍, മറ്റു വിവിധ ആവശ്യങ്ങള്‍ എന്നിവയ്ക്ക് ആളുകള്‍ മുദ്രപത്രം കിട്ടാതെ വലയുകയാണ്. എത്രയും വേഗം മുദ്രപത്രം ലഭ്യമാക്കുന്നതിനുള്ള അടിയന്തിര ഇടപെടല്‍ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.