ഏലൂർ ടൗൺഷിപ്പിലെ സൗജന്യ കുടിവെള്ള പദ്ധതി തുടരാൻ രൂപരേഖയായി
1451004
Friday, September 6, 2024 3:56 AM IST
ഏലൂർ: ഏലൂർ ടൗൺഷിപ്പ് സൗജന്യ കുടിവെള്ള പദ്ധതി തുടരുന്നതിന് രൂപരേഖയായി. കുടിവെളള പദ്ധതി പ്രകാരം 3,200 ഗുണഭോക്താക്കൾക്ക് കുടിവെള്ളം സൗജന്യമായി കിട്ടുന്നതിന് കമ്പനികളിൽ നിന്നും ലഭിക്കുവാനുള്ള വാട്ടർ ചാർജ് കുടിശിക സംബന്ധിച്ചുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് യോഗം ചേർന്നത്.
യോഗത്തിൽ വാട്ടർ അഥോറിറ്റിയും പൊലൂഷൻ കൺട്രോൾ ബോർഡും മറ്റു കമ്പനികളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ചുമതലപ്പെടുത്തി.
യോഗത്തിൽ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ, വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, അസിസ്റ്റന്റ് സെക്രട്ടറി കെ.എ. സിബു, മുനിസിപ്പൽ എൻജിനീയർ കെ.പി. ശൈല, വാട്ടർ അഥോറിറ്റി ഉന്നത ഉദ്യോഗസ്ഥർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, ഫാക്ട് ജീവനക്കാരുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കുടിവെള്ള കുടിശിക നൽകുന്നതിന് എല്ലാ കമ്പനികൾക്കും നോട്ടീസ് നൽകാൻ പൊലൂഷൻ കൺട്രോൾ ബോർഡിനെ യോഗം ചുമതലപ്പെടുത്തി. നിലവിൽ പ്രവത്തിക്കുന്ന കമ്പനികളായ ഫാക്ട്, ഐആർഇ എന്നീ കമ്പനികൾക്ക് (200 ഗുണഭോക്താക്കൾക്ക് 500 ലിറ്റർ വെള്ളം വീതം) പ്രതിദിനം കുടിവെള്ള വിതരണത്തിന്റെ ബിൽ തുക നൽകുവാൻ വാട്ടർ അഥോറിറ്റിയെ ചുമതലപ്പെടുത്തി.
എച്ച്ഐഎൽ, മെർക്കം എന്നീ കമ്പനികൾക്കെതിരേ കുടിശിക പിരിച്ചെടുക്കുന്നതിന് നിയമ നടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചു. ഒരുമാസത്തിനുള്ളിൽ വാട്ടർ അഥോറ്റിയും പൊലുഷൻ കൺട്രോൾ ബോർഡും മറ്റു കമ്പനികളും ചേർന്ന് എഗ്രിമെന്റ് വയ്ക്കുന്നതിന് തീരുമാനിച്ചു.