കെഎസ്ഇബിയോട് പൊതുജനം: ‘ചെലവ് ചുരുക്കി നിരക്ക് വർധന ഒഴിവാക്കൂ’
1450999
Friday, September 6, 2024 3:43 AM IST
കൊച്ചി: ഉപഭോക്താക്കളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതിന് പകരം കെഎസ്ഇബിയുടെ ചെലവ് ചുരുക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ ആവശ്യമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പില്‍ പങ്കെടുത്തവര്‍.
നിരക്ക് വര്‍ധനവ് ഇതുവഴി ഒഴിവാക്കാമെന്നും അഭിപ്രായമുയർന്നു. 2024 ജൂലൈ ഒന്നു മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമര്‍പ്പിച്ച ശിപാര്ശകളിലായിരുന്നു തെളിവെടുപ്പ്.
രണ്ടുമാസം കൂടുമ്പോഴുള്ള ബില്ലിംഗ് രീതിക്കു പകരം ഓരോ മാസവും ബില്ല് നല്കുന്ന രീതി നടപ്പാക്കണം. വൈദ്യുതി ബില്ലുകള്‍ മലയാളത്തിലാക്കുക, സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം നടപ്പിലാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ മുന്നോട്ടുവച്ചു.
മുഴുവന്‍ വീടുകള്‍ക്കും പുരപ്പുറ സോളാര്‍ സൗജന്യമായി ലഭ്യമാക്കിയും കെഎസ്ഇബിയുടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചും വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കണം. പുറത്തു നിന്ന് വലിയ നിരക്ക് നല്കി വൈദ്യുതി വാങ്ങുന്നത് ഇതുവഴി ഒഴിവാക്കാമെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.
തകരാറുകള്‍ പരിഹരിക്കുന്നതില്‍ കെഎസ്ഇബി കാലതാമസം വരുത്തുന്നുവെന്നും പോസ്റ്റ് ഒടിഞ്ഞ് വീണാല്‍ പോലും പകരം മാറ്റിവയ്ക്കാന്‍ രണ്ടും മൂന്നും ദിവസമാണ് എടുക്കുന്നതെന്നും വ്യാപാരികളടക്കമുള്ളവർ പരാതിപ്പെട്ടു.
ഓഫീസിലേക്ക് വിളിച്ചാല്‍ ആരും ഫോണ്‍ പോലും എടുക്കാറില്ല. വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ഉത്തരവാദിത്തത്തോടും സമര്‍പ്പണത്തോടും ജോലി എടുത്താല്‍ വൈദ്യുതി അനാവശ്യമായ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാകും. പിന്നെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ട ആവശ്യം ഉണ്ടാകില്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറിലേറെ പേരാണ് തെളിവെടുപ്പില്‍ പങ്കെടുത്തത്. എറണാകുളം ടൗണ്‍ ഹാളില്‍ കമ്മീഷന് ചെയര്മാന് ടി.കെ. ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഹിയറിംഗില്‍ ടെക്നിക്കല്‍ മെന്പര് ബി. പ്രദീപ്, ലീഗല്‍ മെംബര്‍ അഡ്വ. എ.ജെ. വില്‍സണ്‍ എന്നിവരും പങ്കെടുത്തു. വിവിധ സംഘടനകളും വ്യക്തികളും കമ്മീഷന് മുമ്പാകെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.
പരാതികളും പരാധീനതകളുമായി വ്യാപാരികളും പൊതുസമൂഹവും
കൊച്ചി: പ്രളയവും കോവിഡ് മഹാമാരിയും നല്കിയ ആഘാതത്തില്‍ നിന്ന് പിടിച്ചു കയറി വരുന്നതിനിടെയുള്ള വൈദ്യുതി നിരക്ക് വര്‍ധന വാണിജ്യ വ്യവസായ മേഖലയ്ക്ക് താങ്ങാനാകുന്നതല്ലെന്ന് റെഗുലേറ്ററി കമ്മീഷന് മുന്‍പാകെ വ്യാപാരികള്‍. കമ്മീഷന് ചെയര്മാന് ടി.കെ. ജോസിന്റെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ഹിയറിംഗിലാണ് വ്യാപാരികൾ ബുദ്ധിമുട്ടുകള്‍ പങ്കുവച്ചത്.
കെഎസ്ഇബിയോടുള്ള വിശ്വാസമില്ലാത്തതിനാലാണ് കമ്മീഷന് മുന്നില്‍ എത്തിയതെന്ന് ഇവർ പറഞ്ഞു. കെഎസ്ഇബി നല്കിയ വൈദ്യുതി നിരക്ക് വര്‍ധനവ് ശിപാര്‍ശ അംഗീകരിച്ചാല്‍ രാത്രിയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വ്യാപാരികളുടെ വാദം.
രാത്രി 10 മുതല്‍ രാവിലെ ആറുവരെ സാധാരണ വ്യവസായ നിരക്കിനേക്കാള്‍ 25 ശതമാനം അധികവര്ധനയ്ക്കാണ് ശിപാര്‍ശ. മൂന്ന് ഷിഫ്റ്റുള്ള വ്യവസായങ്ങള്‍ക്കും ഐടി-ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കും ഇത് വലിയ തിരിച്ചടിയാകും.
വൈകുന്നേരം ആറു മുതല്‍ രാത്രി 10 വരെ പീക്ക് സമയമായും പത്തിന് ശേഷം ഓഫ് പീക്ക് ടൈം സോണുമാണ് വൈദ്യുതി ബോര്‍ഡ് നിശ്ചയിച്ചിരികക്കുന്നത്. കമ്മീഷനില്‍ ബോര്‍ഡ് നല്‍കിയിരിക്കുന്ന ശിപാര്‍ശയില്‍ നോര്‍മല്‍ ടൈം സോണില്‍ നിലവില്‍ 100 ശതമാനം നിരക്ക് ഈടാക്കുന്നതില്‍ 10 ശതമാനം കുറവ് വരുത്താനും നിര്‍ദേശമുണ്ട്.
ഓഫ് പീക്കില്‍ യഥാര്‍ഥ നിരക്കിന്റെ 75 ശതമാനം നല്കിയാല് മതിയെന്ന നിലവിലെ രീതിക്ക് പകരം 100 ശതമാനം നിരക്ക് നല്‍കണമെന്നാണ് ശിപാര്‍ശ. എല്ലാ ആശങ്കകളും പരിഹരിച്ച് ഉചിതമായി തീരുമാനം എടുക്കുമെന്ന് ചെയര്മാന് അറിയിച്ചു.