കൊച്ചി മെട്രോ രണ്ടാംഘട്ടം: സ്റ്റേഷനുകളുടെ നിര്‍മാണം നാളെ ആരംഭിക്കും
1450997
Friday, September 6, 2024 3:43 AM IST
കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ വയഡക്ട് പാലങ്ങളുടെയും സ്റ്റേഷനുകളുടെയും നിര്‍മാണം നാളെ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.30ന് കൊച്ചിന് സ്പെഷല്‍ ഇക്കണോമിക് സോണ്‍ മെട്രോ സ്റ്റേഷന് പരിസരത്ത് ആദ്യ വര്‍ക്കിംഗ് പൈല് സ്ഥാപിച്ചാണ് നിര്‍മാണത്തിന് തുടക്കമിടുന്നത്. ആദ്യ വര്‍ക്കിംഗ് പൈല് നിര്‍മാണ പ്രവര്‍ത്തനത്തിന്റെ സ്വിച്ച് ഓണ്‍ മന്ത്രി പി. രാജീവ് നിര്‍വഹിക്കും.
അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് കൊച്ചി മെട്രോയുടെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ (പിങ്ക് ലൈന്‍) നിര്‍മാണക്കരാര്‍. 1141 കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. നിര്‍മാണത്തിന് ആവശ്യമായ രൂപരേഖയും മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും ഇക്കഴിഞ്ഞ ജൂണിൽ തന്നെ പൂര്‍ത്തീകരിച്ചിരുന്നു.
ബാക്കി സിവില്‍, ആര്‍ക്കിടെക്ചറല്‍, ട്രാക്ക്, സിസ്റ്റം ജോലികളുടെ ടെന്‍ഡര്‍ നടപടികള്‍ പദ്ധതിയുടെ പുരോഗതി അനുസരിച്ച് പൂര്‍ത്തീകരിക്കുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. കൊച്ചി മെട്രോ റെയിലിന്റെ അംഗീകരിച്ച പദ്ധതിയുടെ ആകെ നിര്‍മാണ ചെലവ് 1957 കോടി രൂപയാണ്.
രണ്ടു വര്‍ഷത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.