വീട്ടുകാരറിഞ്ഞില്ല മൂന്നു വയസുകാരി രാത്രി റോഡില്‍; രക്ഷകരായി പോലീസ്
1445091
Thursday, August 15, 2024 8:16 AM IST
കൊച്ചി: വീട്ടുകാരറിയാതെ രാത്രി റോഡിലെത്തിയ മൂന്നു വയസുകാരിക്ക് പോലീസ് രക്ഷകരായി. കറുകപ്പിള്ളിയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശികളുടെ മൂന്നു വയസുളള പെണ്‍കുട്ടിയാണ് ചൊവ്വാഴ്ച രാത്രി വീട്ടില്‍ നിന്നിറങ്ങി പൊറ്റക്കുഴി ഭാഗത്തേക്കുള്ള റോഡില്‍ എത്തിയത്. രാത്രി ഏഴരയോടെ തിരക്കുള്ള റോഡിലൂടെ പെണ്‍കുഞ്ഞ് നടന്നു പോകുന്നതു കണ്ട സമീപത്തെ കടക്കാരാണ് എളമക്കര പോലീസില്‍ വിവരം അറിയിച്ചത്.
കടക്കാര് മിഠായി നല്കിയ ശേഷം കുഞ്ഞിനെ സമീപത്തെ കടയിലിരുത്തിയിരിക്കുകയായിരുന്നു. ഉടന്‍ തന്നെ എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ കെ.ബി. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കടയിലെത്തി. തുടര്‍ന്ന് കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഈ സമയം കുട്ടിയെ കാണാതെ വീട്ടുകാരും അന്വേഷണത്തിലായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുഞ്ഞ് പോലീസ് സ്റ്റേഷനില്‍ ഉണ്ടെന്ന് അറിഞ്ഞ് രാത്രി ഒമ്പതോടെ രക്ഷിതാക്കള്‍ അവിടേയ്ക്കെത്തിയത്. തുടര്‍ന്ന് ആധാര്‍ രേഖകള്‍ പരിശോധിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ ബീഹാര്‍ സ്വദേശികള്‍ തന്നെയാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കുഞ്ഞിനെ പോലീസ് അവര്‍ക്കൊപ്പം അയച്ചത്.