പെലാജിക് ട്രോളിംഗ്; മത്സ്യബന്ധന ബോട്ടിന് 2.5 ലക്ഷം രൂപ പിഴ
1445081
Thursday, August 15, 2024 8:16 AM IST
വൈപ്പിൻ: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം നിരോധിച്ച പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ യന്ത്രവൽകൃത ബോട്ട് ഫിഷറീസ് എൻഫോഴ്സ്മെന്റ് പിടികൂടി.
കാളമുക്ക് കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തുന്ന സാറാപുതിൻ എന്ന ബോട്ടാണ് പിടിയിലായത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസണിന്റെ നിർദേശപ്രകാരം ബോട്ടിന് 2.5 ലക്ഷം രൂപ പിഴ ചുമത്തി. ഡബിള്‍നെറ്റ് വല ഉപയോഗിച്ചു രണ്ടു ബോട്ടുകൾ ചേര്‍ന്ന് നടത്തുന്ന മീന്‍പിടിത്ത രീതിയാണിത് പെലാജിക് ട്രോളിംഗ്.
ഇരുന്നൂറോളം മീറ്റര്‍ നീളമുള്ള ഈ വല ഉപയോഗിച്ചു കടലിന്റെ അടിത്തട്ടിലൂടെ നടത്തുന്ന മീന്‍പിടിത്തത്തില്‍ മത്സ്യക്കുഞ്ഞുങ്ങളും മുട്ടകളും അടക്കം വലയിലകപ്പെടുകയും മത്സ്യങ്ങളുടെ വംശനാശത്തിന് കാരണമാകുകയും ചെയ്യും. വ്യാപകമായ പരിശോധനയ്ക്കായി വരും ദിനങ്ങളിൽ ഹാർബറുകളിൽ സ്ക്വാഡ് ഇറങ്ങും. വലകണ്ടെത്തിയാൽ ബോട്ടുകളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുമെന്ന് ഫിഷറീസ് അസി.ഡയറക്ടർ പി. അനീഷ് അറിയിച്ചു.