സമൃദ്ധിയിലെ ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
1445080
Thursday, August 15, 2024 8:16 AM IST
കൊച്ചി: സമൃദ്ധി@കൊച്ചി ജനകീയ ഹോട്ടലിലെ ഒരു ദിവസത്തെ വരുമാനം വയനാട്ടിലെ ദുരിതബാധിതര്‍ക്ക് നല്‍കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
"ഹൃദയപൂര്‍വം വയനാടിന്' എന്ന പേരില്‍ ചൊവ്വാഴ്ച വരുമാനമായി ലഭിച്ച 3,52,004 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
കൊച്ചി കോര്‍പറേഷനില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷീബാ ലാലും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.ആര്. റെനീഷും സമൃദ്ധി കിച്ചണിലെ ജീവനക്കാരും ചേര്‍ന്ന് മേയര്‍ അഡ്വ. എം. അനില്‍കുമാറിന് ചെക്ക് കൈമാറി.
'ഹൃദയപൂര്‍വം വയനാടിന്' എന്ന പേരില്‍ വലിയ പ്രചരണമാണ് ചൊവ്വാഴ്ച നടത്തിയത്. അന്ന് 500 പേര് അധികമായി സമൃദ്ധിയില്‍ നിന്ന് ഭക്ഷണം കഴിച്ചതായി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷീബാ ലാല്‍ പറഞ്ഞു.
ഉച്ചയൂണിന് എത്തിയ 2800 പേര് ഉള്‍പ്പടെ 4000 ഓളം പേരാണ് അന്ന് സമൃദ്ധിയിലെത്തിയത്. സര്‍ക്കാര്‍ സബ്സിഡി നിറുത്തലാക്കിയതോടെ ഇപ്പോള്‍ ഇവിടെ ഊണിന് 20 രൂപയാണ്.