സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര നഗരമായി മൂവാറ്റുപുഴ
1445071
Thursday, August 15, 2024 8:15 AM IST
മൂവാറ്റുപുഴ: സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനത്തെ ആദ്യ നഗരമായി മൂവാറ്റുപുഴ നഗരസഭ. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ മൂവാറ്റുപുഴ നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗത്തിൽ നഗരകാര്യ ജോയിന്റ് ഡയറക്ടർ വി. പ്രദീപ് കുമാർ നിർവഹിച്ചു.
വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് ഫലപ്രദമായി വ്യാപിപ്പിച്ച് ദൈനംദിന സര്‍ക്കാര്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങളിൽ പങ്കാളികൾ ആകുന്നതിനും വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച സമ്പൂർണ ഡിജിറ്റല്‍ സാക്ഷരത പദ്ധതിയാണ് നഗരസഭ വിജയകരമായി നടപ്പാക്കിയതെന്ന് നഗരസഭ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു.
മറ്റ് നഗരസഭകളിൽ എല്ലാം ഇതിന്റെ പ്രവർത്തനം പുരോഗമിക്കുന്നതിനിടെ മൂവാറ്റുപുഴയിൽ പ്രഖ്യാപനം നടത്താൻ കഴിഞ്ഞത് നേട്ടമാണന്നും ചെയർമാൻ കൂട്ടിചേർത്തു. കഴിഞ്ഞ ജൂൺ 25 നാണ് മൂവാറ്റുപുഴ നഗരസഭയിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. 50 ദിവസംകൊണ്ട് ലക്ഷ്യം കൈവരിക്കാനായി.
ഡിജി കേരള കോ ഓർഡിനേറ്ററും മാസ്റ്റർ ട്രയിനറുമായ പി. രജിതയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. ആദ്യം നഗരസഭ പരിധിയിലെ മുഴുവൻ ജനങ്ങളെയും സംബസിച്ച വിവര ശേഖരണം നടത്തി.
നഗരസഭ പരിധിയിലുളള 8328 വീടുകളിൽ ആൾ താമസം ഉളള 7854 വീടുകളിൽ നടത്തിയ സർവെയിൽ 14നും 64നും ഇടയിലുളള 1806 പേര് ഡിജിറ്റൽ സാക്ഷരരല്ലന്ന് കണ്ടെത്തി. തുടർന്ന് 28 വാർഡുകളിലും വാർഡ്തല ക്ലാസ് സംഘടിപ്പിച്ചു. കിടപ്പ് രോഗികൾ, വയോധികർ തുടങ്ങിയവർക്കായി വീടുകൾ കേന്ദ്രീകരിച്ച് പരിശീലനം നൽകി. മൂന്ന് മൊഡ്യൂളുകളിലായി 15 കാര്യങ്ങളിലാണ് പരിശീലനം നൽകിയത്. മൊബൈൽ ഫോൺ ഓൺ, ഓഫ് ആക്കുന്നതിൽ തുടങ്ങി ഓൺലൈനായി വിവിധ അപേക്ഷകൾ സമർപ്പിക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും സർക്കാർ സേവനങ്ങളെക്കുറിച്ച് അറിയുന്നതിനും സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകൾ കൈകാര്യം ചെയ്യുന്നതിനും അടക്കമുളള പരിശീലനമാണ് നൽകിയത്.
മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥികൾ, പുതുപ്പാടി മരിയൻ അക്കാദമി, എൽദോ മാർ ബസേലിയോസ് കോളജ് എന്നിവിടങ്ങളിലെ എംഎസ്ഡബ്ലിയു വിദ്യാർഥികൾ, ആശ വർക്കർമാർ, അങ്കണവാടി അധ്യാപകർ, എന്‍എസ്എസ്, എന്‍സിസി, നെഹ്റു യുവകേന്ദ്ര, എസ്പിസി, കുടുംബശ്രീ, സാക്ഷരത മിഷന്, എസ്സി എസ്ടി പ്രമോര്‍ട്ടര്‍മാര്‍, സന്നദ്ധസേന, ലൈബ്രറി കൗണ്‍സില്‍, യുവജന ക്ഷേമ ബോര്‍ഡ് പ്രതിനിധികള്‍, സന്നദ്ധരായ യുവതീ-യുവാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ സേവനം നഗരസഭ ഇതിനായി പ്രയോജനപ്പെടുത്തി. തുടക്കത്തിൽ ഇവർക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. 350 വളന്റിയർമാരാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരതയ്ക്കായി പ്രവർത്തിച്ചത്. പഖ്യാപന ചടങ്ങിൽ നഗരസഭ ചെയർമാൻ പി.പി. എൽദോസ് അധ്യക്ഷത വഹിച്ചു.