ഗാര്‍ഹിക പീഡനക്കേസില്‍ മദ്രസ അധ്യാപകൻ അറസ്റ്റില്‍
1445070
Thursday, August 15, 2024 8:15 AM IST
മൂവാറ്റുപുഴ: ഗാര്‍ഹിക പീഡനക്കേസില്‍ മദ്രസ അധ്യാപകൻ അറസ്റ്റില്‍. ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഉപദ്രവിച്ച കേസില്‍ മുളവൂര്‍ പെരുമറ്റം കുറ്റിച്ചിറ ഷാനവാസ് (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം.
ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു കൊടുക്കാന്‍ സാധിക്കാത്തതും പ്രതിക്ക് മറ്റൊരു വിവാഹം കഴിക്കാന്‍ താൽപ്പര്യമുള്ളതുമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ കൈക്ക് ഒടിവേറ്റ ഭാര്യ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. തുടര്‍ന്ന് മൂവാറ്റുപുഴ പോലീസില്‍ പരാതിപ്പെടുകയും ആക്രമണത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ താമരശേരിയില്‍നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇതിന് മുന്‍പും ഇയാൾ ആക്രമണം നടത്തിയിരുന്നതായി ഭാര്യ പരാതിയില്‍ പറയുന്നു. ഗാര്‍ഹിക പീഡനം, മര്‍ദനം, കുട്ടികളെ ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിക്കെതിരെ മൂവാറ്റുപുഴ, കോതമംഗലം, ഉന്നക്കല്ല്, പോലീസ് സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.