സ്ത്രീപ്രശ്നങ്ങളിൽ കൂടുതല്‍ സാമൂഹിക അവബോധം ഉണ്ടാകണം: പി. സതീദേവി
1444806
Wednesday, August 14, 2024 4:25 AM IST
കൊച്ചി: സ്ത്രീകള്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമൂഹത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന വനിതാ കമ്മീഷൻ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍.
മിക്ക സ്കൂളുകളിലും നിയമമനുസരിച്ചുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ നിലവില്‍ വന്നിട്ടില്ലെന്ന് കമ്മീഷന് നിരീക്ഷിച്ചു. മാനേജ്മെന്റും അധ്യാപകരും രണ്ടുഭാഗത്തു നിന്ന് ശത്രുതാ മനോഭാവം വച്ച് പെരുമാറുമെന്നതിനാല്‍ വിദ്യാലയാന്തരീക്ഷം വളരെയധികം കലുഷിതമാണ്. പിടിഎകള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം. വൃദ്ധരായ മാതാക്കളെ സംരക്ഷിക്കുന്നില്ലെന്ന പരാതികളും വേദനിപ്പിക്കുന്നതായിരുന്നുവെന്നും കമ്മീഷന് പറഞ്ഞു.
അദാലത്തില്‍ ആകെ 136 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 40 കേസുകള്‍ പരിഹരിച്ചു. ഒരു കേസ് ലീഗല്‍ സര്‍വീസ് അഥോറിട്ടിയുടെ സേവനത്തിനായി കൈമാറി. ഗാര്‍ഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവയാണ് അദാലത്തില്‍ കിട്ടിയ പരാതികളില്‍ ഏറെയും. അതില്‍ കൂടുതലും സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും.