തൃപ്പൂണിത്തുറ നഗരത്തിൽ കാൽനടക്കാർക്ക് കെണിയൊരുക്കി പൊട്ടിത്തകർന്ന സ്ലാബ്
1444802
Wednesday, August 14, 2024 4:25 AM IST
തൃപ്പൂണിത്തുറ: നഗരത്തിലെ തിരക്കേറിയ പ്രധാന റോഡിന്റെ സമീപമുള്ള കാനയുടെ സ്ലാബുകൾ തകർന്ന് കമ്പികൾ പുറത്തു വന്ന നിലയിലായിട്ട് നാളുകളായെങ്കിലും പൊതുമരാമത്തും നഗരസഭയും നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വ്യാപാരികളുടെ പരാതി.
വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്നവരും കാൽനട യാത്രക്കാരും സൂക്ഷിച്ചില്ലെങ്കിൽ സ്ലാബിനിടയിൽ കാൽ കുടുങ്ങി കമ്പികൾ കാലിൽ തുളഞ്ഞു കയറുന്ന അവസ്ഥയാണ്. പഴയ ബസ് സ്റ്റാൻഡ് മുതൽ റോഡിന്റെ ഇരുവശമുള്ള മിക്കവാറും സ്ലാബുകളുടെ അവസ്ഥയും ഇതു പോലെയാണ്.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ലാബുകൾ ഇളക്കി മാറ്റി പിന്നീട് പുനസ്ഥാപിച്ചത് പലതും കാൽനട യാത്രക്കാർ കാൽ തട്ടി വീഴാവുന്ന സ്ഥിതിയിൽ ക്രമം തെറ്റിയ നിലയിലുമാണ്. ഇവയിൽ പലതും കാലഹരണപ്പെട്ട സ്ലാബുകളാണ്. ശുചീകരണ പ്രവർത്തനങ്ങൾക്ക് വ്യക്തമായ മേൽനോട്ടമില്ലാത്തതിന്റെ അപാകതകളാണ് ഇതിന് കാരണമെന്നും സ്ലാബുകളുടെ ശോചനീയവസ്ഥ കാണിച്ച് വാർഡ് കൗൺസിലർക്കും മറ്റും പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ലെന്നും സമീപത്തെ വ്യാപാരികൾ പറയുന്നു.