ലേല വിപണി 17ന് ആരംഭിക്കും
1444495
Tuesday, August 13, 2024 3:55 AM IST
കോതമംഗലം: കാർഷിക ഉത്പന്നങ്ങൾ വിൽക്കുന്നതിന് കർഷകർ നേരിടുന്ന പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെ എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ 17ന് രാവിലെ ഒന്‍പത് മുതൽ ലേല വിപണി ആരംഭിക്കും. കോഴിപ്പിള്ളി - മലയിൻകീഴ് ബൈപാസ് റോഡിലുള്ള എന്റെ നാട് കാർഷിക വിപണന കേന്ദ്രത്തിൽ ആരംഭിക്കുന്ന ലേല വിപണിയുടെ ഉദ്ഘാടനം എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിക്കും.
പഴം പച്ചക്കറി ഉൾപ്പെടെയുള്ള നാണ്യവിളകൾ സംഭരിക്കപ്പെടുന്നതിലൂടെ കോതമംഗലം നിയോജക മണ്ഡലത്തിലെ നിരവധി കർഷകർക്ക് പ്രയോജനം ലഭിക്കും. രാവിലെ ഒന്‍പത് മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ഉത്പന്നങ്ങൾ ശേഖരിക്കുകയും മൂന്നിന് ഓപ്പണ്‍ ലേലം നടത്തുകയും ചെയ്യും.
തുടർന്ന് എല്ലാ തിങ്കളാഴ്ചകളിലും ഇതേ സമയത്ത് സംഭരണവും ലേലവുമുണ്ടായിരിക്കും. ലേല തുകയുടെ രണ്ട് ശതമാനം വിപണി നടത്തിപ്പിന് ഈടാക്കുമെന്ന് വിപണി പ്രസിഡന്റ് സി.ജെ. എൽദോസ്, സെക്രട്ടറി പി.എ. പാദുഷ എന്നിവർ അറിയിച്ചു.