കാട്ടാനശല്യം : റോഡരികിലെ അടിക്കാടുകൾ വെട്ടിനീക്കിത്തുടങ്ങി
1444223
Monday, August 12, 2024 4:04 AM IST
കോതമംഗലം: കാട്ടാനശല്യം നേരിടുന്ന പുന്നേക്കാട്-തട്ടേക്കാട് റോഡില്‍ കാഴ്ച മറയ്ക്കുന്ന അടിക്കാടുകൾ വെട്ടിനീക്കിത്തുടങ്ങി. റോഡിന് ഇരുവശത്തും കാട്ടാന നിന്നാല്‍ കാണാൻ കഴിയാത്ത വിധത്തില്‍ കാടുകയറിയത് ഗതാഗതത്തിന് ഭീഷണിയായിരുന്നു.
കഴിഞ്ഞ ദിവസം സ്കൂട്ടര്‍ യാത്രികനെ ആന ആക്രമിച്ച സംഭവം ജനരോഷത്തിന് വഴിതെളിച്ചതോടെയാണ് വനം വകുപ്പ് ചേലമല വിഎസ്എസിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ റോഡിന് ഇരുവശവുമുള്ള അടിക്കാട് വെട്ടിനീക്കാൻ ആരംഭിച്ചത്.
പുന്നേക്കാട് മുതല്‍ തട്ടേക്കാട് പാലം വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് റോഡിന് ഇരുഭാഗത്തേയും കാടുവെട്ടേണ്ടത്. ആദ്യപടിയായി പുന്നേക്കാട് മാവിന്‍ചുവട് മുതല്‍ കളപ്പാറ വരെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ഇരുവശത്തും 15 മീറ്റര്‍ വീതിയില്‍ അടിക്കാട് വെട്ടിനീക്കി.
കുട്ടമ്പുഴ റേഞ്ചിലെ ആര്‍ആര്‍ടി അംഗങ്ങളും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് മാമച്ചന് ജോസഫ്, വൈസ് പ്രസിഡന്റ് ബീന റോജോ, പഞ്ചായത്തംഗങ്ങളായ വി.കെ. വര്‍ഗീസ്, ബേസില്‍ ബേബി, പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷന് ഫോറസ്റ്റര്‍ ദിവാകരന്, വി.എസ്.എസ്. പ്രസിഡന്റ് ഏലിയാസ് പോള്‍ എന്നിവര്‍ നേതൃത്വം നല്കി. ബാക്കിയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലെ കാടുവെട്ടല്‍ നാളെ നടത്തും.