വയനാടിന് കൈത്താങ്ങായി വഴിയോര മെഗാതട്ടുകട
1443304
Friday, August 9, 2024 4:07 AM IST
മൂവാറ്റുപുഴ: വയനാടിന് കൈത്താങ്ങായി മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച വഴിയോര മെഗാ തട്ടുകട ശ്രദ്ധേയമായി. സിഐടിയു ഏരിയ കമ്മിറ്റിയും വഴിയോര തട്ടുകട കച്ചവട യൂണിയനും സംയുക്തമായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് മെഗാ തട്ടുകട ഒരുക്കിയത്.
ഇടിയപ്പം, അപ്പം, പത്തിരി, ചപ്പാത്തി, പൊറോട്ട, ദോശ, കപ്പ, ബീഫ്, മുട്ടക്കറി, മീൻ കറി, കടലക്കറി, വെജിറ്റബിൾ കറി, ഓംലെറ്റ്, ചായ, കാപ്പി തുടങ്ങി നിരവധി വിഭവങ്ങൾ നൽകിയാണ് ജനങ്ങളിൽനിന്ന് സംഭാവന സ്വീകരിച്ചത്.
നഗരത്തിലെ തട്ടുകട നടത്തിപ്പുകാരും ജോലിക്കാരും സിഐടിയു നേതാക്കളും തൊഴിലാളികളുമായിരുന്നു ഭക്ഷണം തയാറാക്കലും വിതരണവും നടത്തിയത്. ഭക്ഷണം കഴിച്ച് മടങ്ങുന്നവർ ഇഷ്ടമുള്ള തുക സഹായനിധി പെട്ടിയിൽ നിക്ഷേപിക്കുവാൻ സൗകര്യമൊരുക്കിയിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് പ്രവർത്തനമാരംഭിച്ച തട്ടുകട അർധരാത്രിയോടെയാണ് സമാപിച്ചത്. ഇതിലൂടെ ലഭിച്ച തുക മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുമെന്ന് സംഘാടകർ പറഞ്ഞു.