ഭീഷണിയായി കോർമല : പലയിടങ്ങളിലും വിള്ളൽ
1443296
Friday, August 9, 2024 3:57 AM IST
മൂവാറ്റുപുഴ: നഗരത്തിലെ കോർമല അപകട ഭീഷണിയിലെന്ന് ഉന്നതതല സംഘം. പരിശോധനയ്ക്കെത്തിയ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിയുടെ ഉന്നതസംഘം പലയിടങ്ങളിലും വിള്ളൽ കണ്ടെത്തി.
വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മൂവാറ്റുപുഴയിൽ മുമ്പ് മണ്ണിടിച്ചിലുണ്ടായ കോർമല പരിശോധിക്കണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ നിർദേശത്തെതുടർന്നാണ് കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിയുടെ ഉന്നതതല സംഘം ഇന്നലെ പരിശോധന നടത്തിയത്.
കോർമലയിലെ പല സ്ഥലങ്ങളിലും വിള്ളൽ രൂപപ്പെട്ടിരിക്കുന്നത് കണ്ടെത്തിയ സംഘം ഉടൻ റിപ്പോർട്ട് നൽകും. പലഭാഗങ്ങളിലായി വിള്ളൽ കണ്ടെത്തിയതിനാൽ അപകട സാധ്യത തള്ളികളയാനാവില്ലെന്നും ഇത് മുൻനിർത്തി 25 ദിവസത്തിനകം വിശദ വിവരങ്ങൾ തയാറാക്കി നൽകുമെന്നും ഉന്നതസംഘം പറഞ്ഞു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു. ഒന്പത് വർഷങ്ങൾക്കു മുന്പ് മൂവാറ്റുപുഴ വെള്ളൂർക്കുന്നം കോർമലയിൽ മണ്ണിടിച്ചിലുണ്ടായെങ്കിലും ആദ്യമായിട്ടാണ് കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി സംഘം പരിശോധിക്കാനെത്തിയത്. മുമ്പ് മണ്ണിടിഞ്ഞ പ്രദേശമാണ് സംഘം പരിശോധന നടത്തിയത്.
സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്രതിനിധിയംഗങ്ങളായ വിജിത്ത്, ജി.എസ്. പ്രദീപ്, ഹസാർഡ് അനലിസ്റ്റ് അജ്ഞലി പരമേശ്വരൻ, ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ്, തഹസിൽദാർ കെ.എം. ജോസ്കുട്ടി, നഗരസഭ വൈസ് ചെയർപേഴ്സണ് സിനി ബിജു, ജിനു മടേയ്ക്കൽ, ആശ അനിൽ, പി.എ. ഹംസ, വരുണ് ദേവ്, കെ.എസ്. ഷൈൻ തുടങ്ങിയവരുടെ സംഘമാണ് പരിശോധനയ്ക്കെതിയത്.
പ്രകൃതിയാലുണ്ടായ സ്വാഭാവിക ചരിവ് മണ്ണടുത്തതുകൊണ്ട് നഷ്ടപ്പെട്ടതാണ് ഇവിടത്തെ പ്രശ്നം. കൃഷികളുൾപ്പെടെ മറ്റ് പ്രവർത്തനങ്ങൾ ഒന്നും ഇവിടെ നടത്തരുതെന്ന് ഉദ്യോഗസ്ഥർ നേരത്തെ നിർദേശം നൽകിയിരുന്നു.