ദുരന്ത സാധ്യതാ മേഖലകളില്‍ മണ്‍സൂണ്‍കാല പുനരധിവാസം നടപ്പാക്കണം: ഗാന്ധിയന്‍ കൂട്ടായ്മ
1443290
Friday, August 9, 2024 3:45 AM IST
കൊച്ചി: മലയോരങ്ങളിലും കടല്‍ത്തീരങ്ങളിലും ദുരന്ത സാധ്യതാ മേഖലകള്‍ അടയാളപ്പെടുത്തി മഴക്കാല പുനരധിവാസ പദ്ധതി നടപ്പാക്കണമെന്ന് ഗാന്ധിയന്‍ കൂട്ടായ്മ ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടത്തിയ ഉപവാസ സത്യഗ്രഹത്തില്‍ ദുരന്തബാധിതര്‍ക്ക് അടിയന്തര പുനരധിവാസം നടപ്പാക്കുക, വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക,
മഴക്കാലത്ത് പുനരധിവസിപ്പിക്കപ്പെടുന്നവര്‍ക്ക് തൊഴിലിടങ്ങളിലേക്ക് സൗജന്യയാത്ര അനുവദിക്കുക, ഫലപ്രദമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കുക, ഗാഡ്ഗില്‍ കമ്മിറ്റിയുടേത് ഉള്‍പ്പെടെ വിദഗ്ധ സമിതി റിപ്പോര്‍ട്ടുകള്‍ ഗ്രാമസഭകളില്‍ ചര്‍ച്ച നടത്തി സുരക്ഷാ നിര്‍ദേശങ്ങള്‍ സ്വരൂപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ഗാന്ധിയന്‍ കൂട്ടായ്മ, അംഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന തുക ദുരന്തബാധിതരായ വിദ്യാര്‍ഥികള്‍ക്കും ആദിവാസികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കും. ഉപവാസ സത്യഗ്രഹം ജസ്റ്റീസ് പി.കെ. ഷംസുദീന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബാബു ജോസഫ് അധ്യക്ഷനായിരുന്നു.