ആലുവ-പെരുമ്പാവൂർ റോഡ് : ചൂണ്ടി മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
1443280
Friday, August 9, 2024 3:26 AM IST
ആലുവ: ആലുവ-പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ ചൂണ്ടി മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ചിലപ്പോൾ ചൂണ്ടി ജംഗ്ഷൻ മറികടക്കാൻ അര മണിക്കൂറിലധികം സമയം വാഹനങ്ങൾക്ക് എടുക്കേണ്ടി വരുന്നതായാണ് പരാതി.
പുക്കാട്ടുപടിയിൽനിന്നും പെരുമ്പാവൂരിൽനിന്നും വരുന്ന വാഹനങ്ങളാണ് ചൂണ്ടി ജംഗ്ഷനിൽ ഗതാഗതക്കുരുക്കിൽ പെടുന്നത്. ഇതിൽ പുക്കാട്ടുപടി റോഡിലേക്കു പോകുന്ന വാഹന ങ്ങൾ അവിടെ തിരക്ക് കുറവായതിനാൽ ചൂണ്ടി ജംഗ്ഷൻ അധികം സമയമെടുക്കാതെ കടക്കുന്നുണ്ട്.
ഇതേത്തുടർന്ന് പെരുമ്പാവൂർ ഭാഗത്ത് നിന്ന് ആലുവയിലേക്ക് വരുന്ന ബസുകൾ ചുണങ്ങംവേലിയിൽ പെരിയാർവാലി വഴി നിന്ന് തിരിഞ്ഞ് മഠം സ്റ്റോപ്പ് ഒഴിവാക്കി പുക്കാട്ടുപടി റോഡിലൂടെയാണ് ചൂണ്ടി എത്തുന്നത്.
രാജഗിരി, കാർമ്മൽ ആശുപത്രികൾ പ്രവർത്തിക്കുന്ന ഈ റൂട്ടിൽ നിരന്തരം ആംബുലൻസുകൾ കടന്നു പോകുന്നതാണ്. പലപ്പോഴും ഗതാഗതക്കുരുക്ക് രോഗികളുടെ സുഗമമായ യാത്രയെ ബാധിക്കുന്നുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ റോഡിൻെറ അവസ്ഥയും യാത്രയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
നാലുവരി റോഡ് വികസനം കിഫ്ബി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കൽ അടക്കം നിരവധി നടപടികൾ ഇഴയുകയാണ്. ആലുവ പുളിഞ്ചോട് ജംഗ്ഷനിൽ നിന്നാരംഭിച്ച് കാരോത്തുകുഴി ഹോസ്പിറ്റൽ ജംഗ്ഷൻ, ചർച്ച് റോഡ് വഴി (പവർ ഹൗസ് ലൂപ് റോഡ്) ആലുവ എസ്പി ഓഫീസ്, ചുണങ്ങംവേലി-ചൂണ്ടി-വാഴക്കുളം-പോഞ്ഞാശേരി -ചെമ്പറക്കി വഴി പെരുമ്പാവൂർ തങ്കളം വരെയാണ് വികസന പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.
കോളജുകളും ആശുപത്രികളും പ്രവർത്തിക്കുന്ന ഈ മേഖലയിൽ ജില്ലാ പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് ചൂണ്ടി ബൈപ്പാസ് പദ്ധതി പ്രഖ്യാപിച്ചതും കടലാസിൽ ഒതുങ്ങി. രാവിലെയും വൈകിട്ടും ചൂണ്ടി മേഖല കടക്കാൻ വാഹനങ്ങൾ പെടാപ്പാട് പെടുകയാണ്. ചൂണ്ടി ജംഗ്ഷനിലെങ്കിലും ട്രാഫിക് പോലീസിന്റെ സേവനം ലഭിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.