ഒഴുകിയെത്തിയ കുട്ടിയാന നാട്ടിൽ കൗതുകമായി
1443272
Friday, August 9, 2024 3:26 AM IST
കോതമംഗലം: പുഴ കുറുകെ കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട കുട്ടിയാന നാട്ടിൽ കരകയറിയത് കൗതുകക്കാഴ്ചയായി. കുട്ടമ്പുഴ പൂയംകുട്ടിയില്‍ ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ആറ് മാസം പ്രായമുള്ള ആനകുട്ടിയാണ് പൂയംകുട്ടി സിറ്റിയിലെത്തിയത്.
അമ്മയെ തേടി റോഡിലൂടെ തലങ്ങുംവിലങ്ങും ഓടി നടന്ന ആനകുട്ടിയെ കണ്ട് നാട്ടുകാരും ആദ്യമൊന്ന് അമ്പരന്നു. പിന്നാലെ ആനകൂട്ടം ഉണ്ടാകുമോയെന്ന ആശങ്കയില്‍. അലറിക്കരഞ്ഞ് 15 മിനിട്ടോളം പൂയംകുട്ടി സിറ്റിയിലൂടെ തലങ്ങും വിലങ്ങും നടന്നു.
കാട്ടാനക്കുട്ടി സിറ്റിയിലിറക്കിയ വിവരം അറിഞ്ഞ് കുട്ടമ്പുഴ റേഞ്ച് ഓഫീസര്‍ കെ. സഞ്ജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ എത്തിയതോടെ കുഞ്ഞന്‍ അവര്‍ക്കൊപ്പം കൂടി. ചില ശബ്ദങ്ങളുണ്ടാക്കി അനുനയിപ്പിച്ച് വനപാലകര്‍ ആനകുട്ടിയെ കാട്ടിലേക്ക് കൂട്ടികൊണ്ട് പോയി.
പീണ്ടിമേട് റോഡിലൂടെ ഉള്‍വനത്തിലെത്തിയപ്പോള്‍ കുഞ്ഞന്‍ അലറി. ഏതാനും മീറ്റര്‍ അപ്പുറത്ത് നിന്ന് തിരിച്ച് മറുപടി പോലെ കാട്ടാനക്കൂട്ടത്തിന്റെ ചിന്നം വിളിയെത്തി. അമ്മ ഇവിടെ ഉണ്ടെന്ന് തിരിച്ചറിഞ്ഞ കുഞ്ഞന്‍ തൊട്ടടുത്ത് കണ്ട ഈറ്റക്കാടിലേക്ക് ഓടിക്കയറുകയായിരുന്നു.