വയനാട് ദുരിതാശ്വാസം : ആലുവയിലെ ഇന്നത്തെ ഓട്ടോക്കൂലി വയനാട്ടിലേക്ക്
1443009
Thursday, August 8, 2024 4:18 AM IST
ആലുവ: ഉരുൾപൊട്ടലിൽ തകർന്ന വയനാടിനെ ചേർത്തുപിടിക്കാൻ സാന്ത്വന സ്പർശവുമായി ഓട്ടോക്കൂട്ടായ്മ നാളെ നിരത്തിലിറങ്ങും. ആലുവ നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോർഡിനഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തുക ശേഖരിക്കുന്നത്.
ഐഎൻടിയുസി, സിഐടിയു, എഐടിയുസി തുടങ്ങി എല്ലാ ട്രേഡ് യൂണിയനുകളും വയനാട് സഹായ ഫണ്ട് ശേഖരണത്തിനായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വ്യാഴാഴ്ചത്തെ എല്ലാ യാത്രാക്കൂലിയും ശേഖരിച്ചാണ് ഫണ്ട് രൂപീകരിക്കുന്നത്.
ഒരു ദിവസത്തെ വരുമാനം നൽകി
ചോറ്റാനിക്കര: കണയന്നൂർ ഗ്രാമീണ വായനശാലയ്ക്ക് സമീപം വർഷങ്ങളായി പ്രവർത്തിക്കുന്ന പങ്കമ്മേടെ ചായ പീടികയിലെ വരുമാനം വയനാട്ടിൽ ഡിവൈഎഫ്ഐ നിർമിക്കുന്ന വീടുകളുടെ ഫണ്ടിലേക്ക് നൽകി. ചോറ്റാനിക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റിയംഗം നിഖിൽ ബാബു നിർവഹിച്ചു.
സൈക്കിൾമോഹം ഉപേക്ഷിച്ച് ഹിദയും
ആലുവ: സൈക്കിൾ സ്വന്തമാക്കണമെന്ന സ്വപ്നം യാഥാർഥ്യമാക്കാനായി ശേഖരിച്ചുവച്ച പോക്കറ്റ് മണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി കുട്ടമശേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി.
കുട്ടമശേരി ഹിറ ഫ്ലാറ്റിൽ മാനാടത്ത് സുബൈറിന്റെ മകളായ ഫിദ ഫാത്തിമയാണ് മൺകുടുക്കയിൽ ശേഖരിച്ച നാണയത്തുട്ടുകൾ മുഴുവനായും വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാനായി കൈമാറിയത്.
കുട്ടമശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി, ജൂണിയർ റെഡ് ക്രോസ് ,സൗഹൃദ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സഹായധനം സമാഹരിക്കുന്നുണ്ട്. ഇതിലേക്കായി തന്റെ ചെറിയ സമ്പാദ്യം കുട്ടമശേരി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന് കൈമാറി.
വയനാട് റീബിൽഡ്; മോതിരം നൽകി
പറവൂർ: ഡിവൈഎഫ്ഐ വയനാട് റീബിൽഡ് കാമ്പയിനിലേക്ക് ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് മേഘ്ന മുരളി സ്വർണ മോതിരം നൽകി. 1.170 ഗ്രാം തൂക്കമുള്ള മോതിരം സംസ്ഥാന കമ്മിറ്റി അംഗം എൽ. ആദർശ് ഏറ്റുവാങ്ങി.