കരുമാലൂരിലെ വിവാദഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി
1443005
Thursday, August 8, 2024 4:05 AM IST
കരുമാലൂർ: ആലുവ പറവൂർ കെഎസ്ആർടിസി റോഡിൽ കരുമാലൂർ ഷാപ്പ് പടിയിൽ പാടശേഖരവും തോടും നികത്തി നിർമിച്ച കരുമാലൂരിലെ വിവാദ ഹോട്ടലിന്റെ എംഎസ്എംഇ ലൈസൻസ് റദ്ദാക്കി. പൊളിച്ചു നീക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടതിനു തൊട്ടു പിന്നാലെയാണ് അനധികൃതമായി സമ്പാദിച്ച ലൈസൻസ് റദ്ദാക്കി വ്യവസായ വകുപ്പ് ഉത്തരവിറക്കിയത്.
ഒട്ടേറെ പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണു ഷാപ്പുപടി പാടശേഖരത്തിനു സമീപം അനധികൃതമായി പ്രവർത്തിക്കുന്ന ഹോട്ടലിന്റെ എംഎസ്എംഇ ലൈസൻസ് റദ്ദാക്കിയത്.
നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചാണ് അനധികൃത നിർമാണം നടന്നിരിക്കുന്നതെന്നും ഹോട്ടൽ നിൽക്കുന്ന സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണും റവന്യു വിഭാഗവും കൃഷിവകുപ്പും പരിശോധന നടത്തി റിപ്പോർട്ട് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണു ഹിയറിംഗ് നടപടികൾ പൂർത്തിയാക്കിയ ശേഷം പൊളിച്ചു നീക്കി സ്ഥലം പൂർവസ്ഥിതിയിലാക്കാൻ കളക്ടർ ഉത്തരവിട്ടത്.
സ്ഥലം ഉടമകളായ കൊടുങ്ങല്ലൂർ സ്വദേശികളായ ദന്പതിമാരിൽനിന്നു സ്ഥലം വാടകയ്ക്ക് എടുത്ത കരുമാലൂർ സ്വദേശിയാണ് ഉടമയുടെ സമ്മതത്തോടെ പാടം നികത്തി ഹോട്ടൽ നിർമിച്ചത്.ഈ മാസം 24 നകം അനധികൃത നിർമാണം പൊളിച്ചു നീക്കി സ്ഥലം പൂർവ സ്ഥിതിയിൽ ആക്കാനാണ് കളക്ടറുടെ ഉത്തരവുള്ളത്.