ആലുവയിലെ നിർദ്ദിഷ്ട മാർക്കറ്റ് കെട്ടിട സമുച്ചയം: കച്ചവടക്കാർക്ക് നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസ്
1443001
Thursday, August 8, 2024 4:05 AM IST
ആലുവ: പത്ത് വർഷം മുമ്പ് തറക്കല്ലിട്ട ആലുവ മാർക്കറ്റ് സമുച്ചയം നിർമിക്കാൻ ആലുവ നഗരസഭ ഒരുക്കങ്ങൾ തുടങ്ങി. ഇതിന് മുന്നോടിയായി നിർദ്ദിഷ്ട പദ്ധതി പ്രദേശത്തുനിന്ന് താത്കാലിക ഷെഡുകൾ എടുത്തു മാറ്റി. നാളെയോടെ ഒഴിയാൻ നഗരസഭാ സെക്രട്ടറി 51 കച്ചവടക്കാർക്കും നോട്ടീസ് നൽകി. മാർക്കറ്റിൽ പൊതുനോട്ടീസ് ബോർഡും സ്ഥാപിച്ചു.
കേന്ദ്ര സർക്കാർ സഹായത്തോടെ 50 കോടി രൂപ ചെലവിലാണ് പുതിയ മാർക്കറ്റ് കെട്ടിട സമുച്ചയം നിർമിക്കുന്നത്. പഴയ കെട്ടിടം ഇടിച്ചു കളഞ്ഞപ്പോൾ അതിലുണ്ടായിരുന്ന കച്ചവടക്കാരാണ് കഴിഞ്ഞ 10 വർഷമായി താത്കാലിക ഷെഡിൽ കച്ചവടം നടത്തുന്നത്.
എന്നാൽ സ്ഥലം ഒഴിയില്ലെന്ന നിലപാടിലാണ് കച്ചവടക്കാരുള്ളത്. മാർക്കറ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ ഒന്നര ഏക്കർ സ്ഥലം വാടകയ്ക്ക് ലഭ്യമാക്കാമെന്നും സ്ഥല വാടകയായ നാല് ലക്ഷം രൂപ പ്രതിമാസം കച്ചവടക്കാർ നൽകണമെന്നും നിർദേശിച്ചിരുന്നു. ഇതിനെതിരേ കച്ചവടക്കാർ നൽകിയ ഹർജി 12ന് ഹൈക്കോടതി പരിഗണിക്കും.
നേരത്തെ ഹൈക്കോടതി കമ്മീഷൻ മാർക്കറ്റ് സന്ദർശിക്കുകയും നഗരസഭാ ഫയലുകൾ പരിശോധിക്കുകയും ചെയ്തിരുന്നു. പുതിയ കെട്ടിടത്തിൽ മുറി തരാമെന്ന ഉറപ്പിൽ ലക്ഷക്കണക്കിന് രൂപ കച്ചവടക്കാർ നഗരസഭയ്ക്ക് നൽകിയിരുന്നു. അതിന്റെ പലിശയിൽ നിന്ന് പുതിയ സ്ഥല വാടക നൽകട്ടെയെന്നാണ് ഏതാനും വ്യാപാരികൾ പറയുന്നത്.
നിലവിലെ രണ്ടര ഏക്കറിലേക്ക് കച്ചവടക്കാർക്ക് മാറി പ്രവർത്തിക്കാൻ സ്ഥലമുണ്ടെന്നും വ്യാപാരികൾ പറയുന്നു.
ഒരു വർഷത്തിനകം കെട്ടിടനിർമാണം പൂർത്തിയാക്കുമെന്നാണ് നഗരസഭ പറയുന്നത്. കേരള സ്റ്റേറ്റ് കോസ്റ്റൽ ഡെവലപ്മെന്റ് അഥോറിട്ടിയാണ് കെട്ടിടം നിർമിക്കുന്നത്. രണ്ടാഴ്ചയ്ക്കകം ടെൻഡർ വിളിച്ച് ഓണത്തോടനുബന്ധിച്ച് നിർമാണം ആരംഭിക്കാനാണ് തീരുമാനം.