അന്ധവനിതാ പുനരധിവാസ കേന്ദ്രത്തിന് ജില്ലാ പഞ്ചായത്ത് കൈത്താങ്ങാകും
1442997
Thursday, August 8, 2024 3:54 AM IST
പോത്താനിക്കാട്: അന്ധവനിത പുനരധിവാസ കേന്ദ്രത്തിന്റെ പുനരുദ്ധാരണ പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് സഹായമൊരുക്കുമെന്ന് പ്രസിഡന്റ് മനോജ് മൂത്തേടന്. 32.5 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് തുടക്കത്തില്‍ ജില്ലാ പഞ്ചായത്ത് മുന്നോട്ട് വരുന്നത്.
ശോച്യാവസ്ഥയിലായ പോത്താനിക്കാട് അന്ധവനിതാ പുനരധിവാസ കേന്ദ്രത്തിന്റെ ചോര്‍ന്നൊലിക്കുന്ന കെട്ടിടം നവീകരിച്ചു നല്‍കുന്നതിനാണ് പ്രഥമ പരിഗണന. 25 ലക്ഷം രൂപ ഇതിനായി ചെലവഴിക്കും. 7.5 ലക്ഷം രൂപ മുടക്കി വൈദ്യുതീകരണവും നടപ്പeക്കും. ഘട്ടംഘട്ടമായി മറ്റു ക്രമീകരണങ്ങള്‍ കൊണ്ടുവരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പുനരധിവാസ കേന്ദ്രം സന്ദര്‍ശിച്ച ശേഷം അറിയിച്ചു.
1986ല്‍ ആരംഭിച്ച പുനരധിവാസ കേന്ദ്രത്തിന് തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് സഹായം ലഭിച്ചിരുന്നു. എന്നാല്‍ 2000ത്തിന് ശേഷം ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് നിര്‍ത്തലാക്കിയതോടെയാണ് പോത്താനിക്കാട് അന്ധവനിത പുനരധിവാസ കേന്ദ്രത്തിന്റെ ശനിദശ ആരംഭിക്കുന്നത്.
നിലവില്‍ കാഴ്ചയില്ലാത്ത 24 വനിതകളും നാല് ജീവനക്കാരുമാണ് ഇവിടെയുള്ളത്. ദൈനംദിന ചെലവുകള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന ഇവര്‍ നാട്ടുകാരുടെ സഹായത്തോടെയാണ് നിലനിന്നുപോകുന്നത്. പുനരധിവാസ കേന്ദ്രത്തിന്റെ ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് സഹായത്തിനായി മുന്നിട്ടിറങ്ങുന്നത്.