പരപ്പച്ചിറ തോട്ടിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം; അന്വേഷണം തുടങ്ങി
1442458
Tuesday, August 6, 2024 7:04 AM IST
കാക്കനാട്: തുതിയൂർ പരപ്പച്ചിറ തോട്ടിൽ ഞായറാഴ്ച മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി മലിനീകരണ നിയന്ത്രണ ബോർഡ്. ഞായറാഴ്ച രാവിലെയാണ് തോട്ടിലെ വെള്ളത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. 11 ഓടെ കൂടുതൽ മത്സ്യങ്ങൾ ചത്തുപൊങ്ങി.
കൊച്ചി പ്രത്യേക സാമ്പത്തിക മേഖല (സെസ്) വളപ്പിലെ കമ്പനികളിൽ നിന്നുള്ള മലിന ജലമാണ് മത്സ്യക്കുരുതിക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇവിടെ നിന്നുള്ള രാസമാലിന്യം കലർന്ന വെള്ളം പരപ്പച്ചിറ തോടിലൂടെയാണ് ചിത്രപ്പുഴയിലേക്ക് ഒഴുകുന്നത്.
ശനി, ഞായർ ദിവസങ്ങളിൽ ചിത്ര പുഴയിലും കടമ്പ്രയാറിൽ ബ്രഹ്മപുരം മേഖലയിലും ചുവപ്പും കറുപ്പും നിറത്തിൽ വെള്ളം കാണാറുണ്ട്. സെസ് വളപ്പിന്റെ ചുറ്റുമതിലിനരികിൽ നിന്നാണ് പരപ്പച്ചിറ തോട് ആരംഭിക്കുന്നത്.
അവധി ദിവസമായിട്ടും പരിസരവാസികൾ മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരെ വിവരം അറിയിച്ചു. സാമ്പിൾ ശേഖരിച്ചെങ്കിലും നാട്ടുകാർ ശേഖരിച്ച സാമ്പിൾ പരിശോധിക്കാൻ പറ്റില്ലെന്ന നിലപാടാണ് അനധികൃതർ സ്വീകരിച്ചത്. ഫോട്ടോയും മറ്റു വിവരങ്ങളും ഇ-മെയിലായി അയച്ചുകൊടുത്തു. ചിത്രപ്പുഴ വരെ രണ്ടര കിലോമീറ്ററോളം ദൈർഘ്യമുണ്ട്. മത്സ്യങ്ങൾ ചത്തതിനു പിന്നിൽ പ്രവർത്തനക്ഷമതയില്ലാത്ത സെസിലെ മലിനജല സംസ്കരണ പ്ലാന്റാണെന്നും നാട്ടുകാർ പറഞ്ഞു.