കോടനാട് ഏമ്പക്കോട് കുടിവെള്ള പദ്ധതി നിർമാണം ആരംഭിച്ചു
1442143
Monday, August 5, 2024 3:56 AM IST
പെരുമ്പാവൂർ: രൂക്ഷമായ കുടിവെള്ള ക്ഷാമത്താൽ വലഞ്ഞിരുന്ന നൂറോളം കുടുംബങ്ങളുടെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമായി. എറണാകുളം ജില്ലാ പഞ്ചായത്ത് 22 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന ഏമ്പക്കോട് കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
കുടിവെളള പദ്ധതിയുടെ നിർമാണോദ്ഘാടനം ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. പെരിയാറിനോട് ചേർന്നുള്ള കപ്രിക്കാട് അഭയാരണ്യത്തിനും കോടനാട് പനങ്കുരുത്തോട്ടം അമ്പലത്തിനും കാഞ്ഞിരമുക്കിനും ഇടയിലുള്ള നൂറോളം കുടുംബങ്ങൾക്ക്് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു.
പതിനായിരം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്ക് ആണ് ആദ്യ ഘട്ടത്തിൽ നിർമിക്കുന്നത്. കൂടുതൽ ഗുണഭോക്താക്കൾ കുടിവെളള പദ്ധതിയുടെ ഭാഗമാകുന്ന സമയത്ത് പതിനായിരം ലിറ്ററിന്റെ ടാങ്ക് കൂടിസ്ഥാപിക്കാൻ കഴിയുന്ന വിധത്തിലാണ് ഇപ്പോൾപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനാവശ്യമായ തുക ജില്ലാ പഞ്ചായത്ത് വകയിരുത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് എം.ഒ. ജോസ്, മുൻ പ്രസിഡന്റ് സിന്ധു അരവിന്ദ്, വാർഡ് അംഗം സിനി എൽദോ, എൽദോ പാത്തിക്കൽ, വിജയൻ മുണ്ടിയാത്ത്, സി. കെ. ഷൺമുഖൻ, സി.സി. വിശ്വംഭരൻ, ജോർജ് കുളങ്ങാട്ടിൽ, പി.കെ. പൗലോസ്, ടി.പി. എൽദോ, ബേസിൽ വർഗീസ് എന്നിവർ പ്രസംഗിച്ചു.