മൂന്ന് കിലോ കഞ്ചാവുമായി യുവതിയടക്കം രണ്ട് ആസാം സ്വദേശികൾ പിടിയിൽ
1442123
Monday, August 5, 2024 3:24 AM IST
പെരുമ്പാവൂർ: മൂന്ന് കിലോ കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ട് ആസാം സ്വദേശികൾ പിടിയിൽ. ആസാം നാഗൗണിലെ അസ്മിന ബീഗം(40), മുഹബുള്ള ഹക്ക്(30) എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. ഇവർ താമസിക്കുന്ന കോട്ടച്ചിറയിലെ ലൈൻ കെട്ടിടത്തിലെ ആറാമത്തെ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
ഭാര്യാഭർത്താക്കൻമാരാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് പ്രത്യേക കവറുകളിലായി പൊതിഞ്ഞ് സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി.
ട്രെയിൻ മാർഗമെത്തിക്കുന്ന കഞ്ചാവ് ചെറിയ പൊതികളിലാക്കിയായിരുന്നു വില്പന. പ്രധാനമായും ഇതര സംസ്ഥാനക്കാർക്കിടയിലായിരുന്നു കച്ചവടം. കുറുപ്പംപടി സിഐ വി.എം കേഴ്സൻ, എസ്ഐ മാരായ എൽദോ പോൾ, പി.വി. ജോർജ്, എം.ആർ. ശ്രീകുമാർ, ഇബ്രാഹിംകുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്ന് മയക്കുമരുന്നുമായി ഏഴ് യുവാക്കളെ പോലീസ് പിടികൂടിയിരുന്നു.