ആവോലി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് 10ന്
1441857
Sunday, August 4, 2024 5:00 AM IST
വാഴക്കുളം: ആവോലി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് 10ന് നടക്കും. വാഴക്കുളം സെന്റ് ജോർജ് ഐടിഇയിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം നാല് വരെയാണ് വോട്ടെടുപ്പ്. പൊതുവിഭാഗം ഏഴ്, വനിത രണ്ട്, നിക്ഷേപ സംവരണം ഒന്ന്, എസ്സി/എസ്ടി ഒന്ന്, 40ൽ താഴെ പ്രായമുള്ളവരിൽ പൊതുവിഭാഗത്തിലും വനിതാ വിഭാഗത്തിലും ഓരോന്നു വീതവും എന്നിങ്ങനെ പതിമൂന്നംഗ ഭരണസമിതിയിലേക്കാണ് തെരഞ്ഞെടുപ്പ്.
യുഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി, എൽഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണി എന്നീ പാനലുകളിലെ 26 പേരും ഒരു സ്വതന്ത്ര സ്ഥാനാർഥിയുമാണ് മത്സര രംഗത്തുള്ളത്.
കഴിഞ്ഞ 15 വർഷമായി യുഡിഎഫ് നേതൃത്വത്തിലുള്ള മുന്നണിയാണ് ബാങ്കിൽ ഭരണം നടത്തുന്നത്. തുടർച്ചയായി മൂന്നു തവണ വരെയേ ഒരംഗത്തിന് ഭരണസമിതിയംഗമാകാവൂ എന്ന സഹകരണ നിയമം പ്രാബല്യത്തിലായതോടെ നിലവിലുള്ള ഭരണസമിതിയിലെ പ്രസിഡന്റ് ജോജി കെ.ജോസ്, ബിജു ജോസ്, ഷിൻസ് തോമസ്, സുജാത സുധൻ എന്നിവർ ഇക്കുറി മത്സരിക്കുന്നില്ല.