സോപ്മ ഒരുകോടി വൃക്ഷത്തൈകൾ സൗജന്യമായി നൽകും
1441835
Sunday, August 4, 2024 4:41 AM IST
പെരുമ്പാവൂര്‍: പ്ലൈവുഡ് വ്യവസായ സംഘടനയായ സോപ്മയുടെ നേതൃത്വത്തില്‍ ഒരു കോടി സൗജന്യ വൃക്ഷത്തൈ വിതരണം നടത്തുന്നു. വ്യാഴാഴ്ച രാവിലെ 10ന് വട്ടക്കാട്ടുപടി വി.എം.ജെ. ഓഡിറ്റോറിയത്തില്‍ വനം വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രന് വിതരണോദ്ഘാടനം നിര്‍വഹിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എം.എം. മുജീബ് റഹ്മാന്, സെക്രട്ടറി ഷെഫിക്ക് പത്തനായത്ത് എന്നിവര്‍ അറിയിച്ചു.
ബെന്നി ബഹന്നാന് എംപി, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നായ പ്ലൈവുഡ് വ്യവസായവുമായി ബന്ധപ്പെട്ട് 10 ലക്ഷത്തില്‍പരം പേർ ഉപജീവനം തേടുന്നു. പതിനായിരം കോടിയിലധികം മുതല്‍ മുടക്ക് വരും നാലു താലൂക്കുകളിലെ പ്ലൈവുഡ് വ്യവസായത്തിന്.
പ്ലൈവുഡ് വ്യവസായത്തിനുവേണ്ടി പ്രത്യേകമായി പ്ലാന്റ് ് ചെയ്ത് എടുക്കുന്ന 6, 7 വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ണ വളര്‍ച്ച കൈവരിക്കുന്നതുമായ വേപ്പ് ഇനത്തില്‍പ്പെടുന്ന മലവേപ്പ്/കാട്ടുവേപ്പ് മരങ്ങളെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായാണ് സോപ്മ ഒരു കോടി വൃക്ഷത്തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.
വര്‍ഷത്തില്‍ പെരുമ്പാവൂരില്‍ മാത്രം ആറു കോടി മരങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ ആവശ്യമാണ്. ഡിസംബര്‍ മുതല്‍ പ്ലൈവുഡിന് ഐഎസ്ഐ മുദ്ര നിര്‍ബന്ധമാക്കിയതിനാല്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനെ സംബന്ധിച്ച് പ്ലൈവുഡ് വ്യവസായികള്‍ക്കുള്ള അവയര്‍നസ് ക്ലാസ് ബിഐഎസ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഉണ്ടാകും.
തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ വ്യാഴാഴ്ച രാവിലെ 10-ന് മുമ്പായി എത്തിച്ചേരണം. ബാബു സൈതാലി, കെ.എന്‍. മോഹനന്, എം.കെ. ജമീര്‍, ആല്വിന് ഷാന്‍, ഹാരിസ് മറ്റപ്പിള്ളി എന്നിവര്‍ പങ്കെടുത്തു. ഫോൺ- 9447736134, 9633091333.