ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ കയറാതെ ബസുകൾ; മഴ നനഞ്ഞ് യാത്രക്കാർ
1441833
Sunday, August 4, 2024 4:30 AM IST
ആലുവ: രാത്രികാലങ്ങളിൽ സൂപ്പർഫാസ്റ്റ്, ദീർഘദൂര ബസുകൾ ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ കയറണമെന്ന നിർദേശം നടപ്പിലാകുന്നില്ലെന്ന് പരാതി. എന്നാൽ ആലുവയിൽ കയറുന്ന സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ അകത്തേക്ക് പ്രവേശിക്കാതെ ബസ് സ്റ്റാൻഡിന് മുന്നിൽ നിർത്തുന്നതായാണ് യാത്രക്കാരുടെ പരാതി.
പകൽ സമയം ആലുവ ടൗണിലേക്ക് കയറാതെ ബൈപാസ് മേൽപ്പാലം വഴി അങ്കമാലി, എറണാകുളം മേഖലകളിലേക്ക് പോകുന്ന സൂപ്പർഫാസ്റ്റുകൾക്കാണ് രാത്രി സമയം ആലുവയിൽ കയറണമെന്ന് നിർദേശമുള്ളത്. ഇത് കൂടാതെ നിർമാണം പൂർത്തിയായ സ്റ്റാൻഡിനുള്ളിൽ കയറണമെന്നുമുണ്ട്.
ഈ നിർദ്ദേശം കഴിഞ്ഞ മാസം 19 നാണ് നൽകിയിരുന്നത്. ഭൂരിഭാഗം ബസുകളും ആലുവയിലേക്ക് കയറുന്നുണ്ടെങ്കിലും ബസ്സ്റ്റാൻഡിനകത്ത് പ്രവേശിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇത് കാരണം സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാർ മഴ നനഞ്ഞാണ് ബസിന് കാത്തുനിൽക്കേണ്ടി വരുന്നത്.
ഉത്തരവിറങ്ങി അടുത്ത ദിവസംമുതൽ തന്നെ ബസുകൾ രാത്രിയും സ്റ്റാൻഡിനുള്ളിൽ കയറണമെന്ന് നിർദേശിച്ചിരുന്നതായി ആലുവ എംഎൽഎ അൻവർ സാദത്ത് "ദീപിക' യോട് പറഞ്ഞു. ദീർഘദൂര ബസുകൾക്ക് നിർത്താനും യാത്രക്കാർക്ക് കാത്തിരിക്കാനുമായി മറ്റൊരു കാത്തിരിപ്പു കേന്ദ്രം പണിതിട്ടുണ്ടെന്നും അത് ഉപയോഗിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ചില സൂപ്പർഫാസ്റ്റ് ബസുകൾ ആലുവ ടൗണിൽ രാത്രി സമയത്ത് കയറുന്നില്ലെന്ന് പരാതി വീണ്ടും ഉയർന്നിട്ടുണ്ട്. ഇതുമൂലം രാത്രി ആലുവ സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാർ ദീർഘദൂര ബസുകൾക്കായി മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥാണ്.