മഴയ്ക്ക് പിന്നാലെ ജില്ലയില്‍ വീണ്ടും പനി ബാധിതര്‍ കൂടുന്നു
1441831
Sunday, August 4, 2024 4:30 AM IST
കൊച്ചി: ജില്ലയില്‍ മഴ ശക്തമായതിന് പിന്നാലെ പനി വീണ്ടും വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധ ആശുപത്രികളിലായി 4,665 പേരാണ് പനിക്ക് ചികിത്സ തേടിയത്. ഇതില്‍ 133 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
കളമശേരിയില്‍ ഒരു മരണവും ആറ് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സ തേടിയവരില്‍ 222 പേര്‍ക്ക് ഡെങ്കിപ്പനി രോഗ ലക്ഷണങ്ങളുണ്ട്. 20 പേര്‍ക്ക് എലിപ്പനിയും നാല് പേര്‍ക്ക് മഞ്ഞപ്പിത്തവും നാല് പേര്‍ക്ക് എച്ച് 1 എന്‍ 1 എട്ട് മലേറിയ രോഗവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരായ ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
മഴ വീണ്ടും ആരംഭിച്ചതോടെയാണ് ജില്ലയില്‍ പനി വീണ്ടും ശക്തമായത്. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, പകര്‍ച്ചപ്പനി, എലിപ്പനി, ഛര്‍ദി, വയറിളക്കം എന്നിവ നഗര, ഗ്രാമ വ്യത്യാസമില്ലാതെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആശുപത്രിയില്‍ എത്താതെ സുഖപ്പെട്ടവര്‍ ആരോഗ്യവകുപ്പിന്റെ കണക്കിന് പുറമേയാണ്.
ജില്ലയുടെ കിഴക്കന്‍ മേഖലയിലും കളമശേരി, ചോറ്റാനിക്കര, ഇടപ്പള്ളി, വേങ്ങൂര്‍, മട്ടാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലുമാണ് ഡെങ്കിപ്പനി കൂടുതലായാലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരിക്കല്‍ ഡെങ്കിപ്പനി പിടിപെട്ടവര്‍ വീണ്ടും വരാതെ സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മലേറിയ കേസുകള്‍ കുത്താട്ടുകുളത്തും, മട്ടാഞ്ചേരിയിലുമാണ്. എലിപ്പനി കേസുകള്‍ മഞ്ഞപ്ര കേന്ദ്രീകരിച്ചുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.