പട്ടിമറ്റം-മൂവാറ്റുപുഴ റോഡിൽ അപകട ഭീഷണിയുയർത്തി ഉണങ്ങിയ മരങ്ങൾ
1441552
Saturday, August 3, 2024 3:53 AM IST
കിഴക്കമ്പലം: ഏതുനിമിഷവും നിലംപൊത്തുംവിധം ചിതലെടുത്ത് ഉണങ്ങിയ മരങ്ങൾ പട്ടിമറ്റം-മൂവാറ്റുപുഴ റോഡിൽ അപകട ഭീഷണിയാകുന്നു. എത്രയും വേഗം മരങ്ങൾ മുറിച്ചുമാറ്റി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഞാറള്ളൂർ മില്ലുംപടിയിലും പട്ടിമറ്റം പെട്രോൾ പമ്പിന് സമീപവും മരങ്ങൾ ഭീഷണിയായി നിൽക്കുന്നു. രാപകലില്ലാതെ വാഹനങ്ങൾ ചീറിപ്പായുന്ന റോഡാണിത്. ഞാറള്ളൂർ മില്ലുംപടി ജംഗ്ഷനിൽ മൂന്ന് മരങ്ങൾ ഉണങ്ങിയ നിലയിലാണ്. ഒരു മരത്തിന് കേടുപിടിച്ച് മുകൾഭാഗം ഒടിഞ്ഞുവീണു. മറ്റു രണ്ട് മരങ്ങളുടെ ഉണക്ക് ബാധിച്ച ശിഖരങ്ങൾ ഏതു സമയവും ഒടിഞ്ഞുവീഴാം.
മൂന്നു മരങ്ങളും റോഡിനോട് ചേർന്നാണ് നിൽക്കുന്നത്. ഞാറള്ളൂർ ബെത്ലഹേം സ്കൂളിലെ കുട്ടികൾ ഉൾപ്പടെ നടന്നു പോകുന്ന വഴിയാണിത്. മലയോര മേഖലയിലേക്ക് എത്തുന്ന തേക്കടി സംസ്ഥാന പാതയും ഇതുതന്നെ. കിഴക്കമ്പലം-നെല്ലാട് റോഡ് നവീകരണത്തിന്റെ ഭാഗമായി ബിഎംബിസി ടാറിംഗ് പൂർത്തിയാക്കേണ്ട റോഡിലാണ് ജീർണാവസ്ഥയിലായ മരങ്ങൾ നിൽക്കുന്നത്.
എന്നാൽ മരംവെട്ടി മാറ്റുന്നതിന് ടെൻഡർ ക്ഷണിച്ചിരുന്നങ്കിലും വനംവകുപ്പ് മരങ്ങൾക്ക് കണക്കാക്കിയ അടിസ്ഥാനവില കൂടുതലായതിനാൽ കച്ചവടക്കാർ ടെൻഡർ സമർപ്പിച്ചില്ല. രണ്ടു പ്രാവശ്യം പൊതുമരാമത്ത് വകുപ്പ് ടെൻഡർ നടപടികൾക്ക് തുനിഞ്ഞെങ്കിലും എടുക്കാൻ ആളില്ലാത്തതിനാൽ മാറ്റിവച്ചു. തുടർനടപടികൾക്കുള്ള കാലതാമസം കഴിഞ്ഞു വേണം വീണ്ടും ടെൻഡറിലേക്ക് കടക്കാൻ.