വേട്ടാന്പാറയിൽ കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം
1441551
Saturday, August 3, 2024 3:37 AM IST
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വേട്ടാന്പാറയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷിയിടങ്ങളും കൃഷികളും നശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. പടിപ്പാറ ഭാഗത്ത് ജനവാസമേഖലയിൽ കറുകപ്പിള്ളിൽ ജോസിന്റെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിലെ 300 ഓളം വിളവെടുക്കാറായ കപ്പയാണ് നശിപ്പിച്ചത്. കപ്പ കൂടാതെ വാഴ, ഇഞ്ചി കൃഷിയും, കൈയാലയും നശിപ്പിച്ചിട്ടുണ്ട്.
രാത്രി ശബ്ദംകേട്ട് പുറത്തിറങ്ങിയ ജോസും കുടുംബവും കണ്ടത് തങ്ങളുടെ കൃഷികൾ നശിപ്പിക്കുന്ന കാട്ടാനയെയാണ്. ടോർച്ച് തെളിച്ചും ഒച്ചവച്ചും ഓടിക്കാൻ ശ്രമിച്ചപ്പോൾ ആന പാഞ്ഞടുത്തെന്നും തുടർന്ന് തിരിഞ്ഞോടി വീട്ടിൽ അഭയം തേടിയെന്നും ജോസ് പറഞ്ഞു. തുടർന്ന് ഫോസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചശേഷം നാട്ടുകാരെ വിളിച്ചു കൂട്ടിയാണ് ആനയെ തുരത്തിയത്. അപ്പോഴെക്കും ആന കൃഷിയെല്ലാം നശിപ്പിച്ചിരുന്നു.
ആനക്കൂട്ടങ്ങൾ വേട്ടാന്പാറയിലെ മറ്റ് പലയിടങ്ങളിലും കൃഷിനാശം വരുത്തിയതായും പ്രദേശവാസികൾ പറഞ്ഞു. മുണ്ടയ്ക്കൽ ജോസ് തോമസ്, മറിയേലി തങ്കപ്പൻ എന്നിവരുടെ ധാരാളം ഫലവൃക്ഷങ്ങളും കൃഷിയും ആനകൾ നശിപ്പിച്ചു.
പള്ളൂപ്പട്ട സിജോ പാട്ടത്തിനെടുത്ത് കൃഷിചെയ്ത രണ്ടര ഏക്കർ പൈനാപ്പിൾ തോട്ടത്തിലും ആന കയറി 50,000 ത്തോളം രൂപയുടെ നാശനഷ്ടം വരുത്തി. ഏറെ നാളുകളായി പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്. ഇതുമൂലം കർഷകർക്ക് ജീവിതം ദുസ്സഹമായ സ്ഥിതിയാണ് വന്യമൃഗഗല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കൃഷി നാശത്തിന് അർഹമായ നഷ്ടപരിഹരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു.
മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം വന്യമൃഗശല്യം മൂലം നിക്ഷേധിക്കപ്പെടുന്നത് തുടർന്നാൽ കർഷകരെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സ്ഥലം സന്ദർശിച്ച വേട്ടാന്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജോഷി നിരപ്പേൽ പറഞ്ഞു.