ലഹരിമരുന്നുമായി തിരുവനന്തപുരം സ്വദേശി കൊച്ചിയിൽ പിടിയിൽ
1441549
Saturday, August 3, 2024 3:37 AM IST
കിഴക്കമ്പലം: പടിഞ്ഞാറെ മോറക്കാലയിൽ വാടകയ്ക്കു താമസിക്കുന്ന യുവാവിനെ ലഹരിമരുന്നുമായി എക്സൈസ് സംഘം പിടികൂടി. തിരുവനന്തപുരം സ്വദേശി വിഷ്ണു തമ്പി(31)യാണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 50 ഗ്രാം മരിജുവാനയും ഏഴ് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ഇതിന് ഏകദേശം ഒരു ലക്ഷത്തി അറുപതിനായിരം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. പിടിയിലാകുമ്പോൾ രണ്ട് വിദേശ വനിതകളും ഒരു ബംഗളൂരു സ്വദേശിയും പ്രതിക്കൊപ്പം ഉണ്ടായിരുന്നു. ഇവർ എറണാകുളത്ത് ഇന്നലെ രാത്രി നടന്ന ഡിജെ പാർട്ടിക്ക് എത്തിയവരാണ്.
പടിഞ്ഞാറെ മോറക്കാലയിൽ ഇയാൾ കഴിഞ്ഞ ആറു മാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. വാടക വീട്ടിൽ ഏഴ് നായ്ക്കളും ഉണ്ടായിരുന്നു. എറണാകുളം എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ ഡിജെ പാർട്ടിക്ക് വന്ന വിദേശ വനിതകളെയടക്കം ലഹരിമരുന്നുമായി പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസമായി എക്സൈസ് ഉദ്യോഗസ്ഥർ ഇവിടെ നിരീക്ഷണത്തിലായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരായ പ്രിവന്റീവ് ഓഫീസർ കെ.പി. ജിനീഷ്, എം.എം. അരുൺകുമാർ, ബസന്ത് കുമാർ, സിഇഒമാരായ കാർത്തിക്, ജിതിൻ, കെ.എ. ബദർ, ഡബ്ല്യുസി ഒ നിഷ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.