കടയുടമയെ വധിക്കാന്‍ ശ്രമം; മധ്യവയസ്കന് അറസ്റ്റില്‍
1438462
Tuesday, July 23, 2024 7:24 AM IST
കൊച്ചി: രാത്രി കടയ്ക്കു മുന്നില്‍ കിടന്നത് ചോദ്യം ചെയ്ത കടയുടമയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍. തമിഴ്നാട് സ്വദേശി ശക്തിവേലിനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജി. പ്രതാപ് ചന്ദ്രന്, എസ്ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കലൂര്‍ സ്വദേശി ജോജി ഫ്രാന്‍സിസ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി പത്തിന് കലൂര്‍ സെന്റ് ഫ്രാന്‍സിസ് റോഡിലായിരുന്നു സംഭവം.
ശക്തിവേല്‍ ജോജിയെ തള്ളി താഴെയിട്ട ശേഷം തല പലതവണ തറയില്‍ ഇടിപ്പിക്കുകയായിരുന്നു. തമിഴ്നാട് ആന്തല്ലൂര്‍ പോലീസ് സ്റ്റേഷനിലെ മോഷണക്കേസില്‍ പ്രതിയാണ് ശക്തിവേല്‍. കുറച്ചു കാലമായി കലൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. പ്രതിയെ റിമാന്‍ഡ് ചെയ്തു.