വീട് കുത്തിത്തുറന്ന് ചെന്പ് പാത്രങ്ങൾ കവർന്നു
1438454
Tuesday, July 23, 2024 7:12 AM IST
വരാപ്പുഴ: ഒളനാട് മേഖലയിൽ വീട് കുത്തിത്തുറന്ന് മോഷണം. വീടിന്റെ മുകളിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ചെമ്പ് പാത്രങ്ങൾ നഷ്ടപ്പെട്ടു. ഒളനാട് പട്ടമന വർഗീസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.
വർഗീസും കുടുംബവും വിദേശത്തുള്ള മകനെ കാണാൻ പോയിരിക്കുന്ന സമയത്താണ് സ്റ്റോർ റൂം കുത്തിതുറന്ന് മോഷണം നടന്നത്. കഴിഞ്ഞ ദിവസം വിദേശത്തിരുന്ന് മൊബൈൽ വഴി സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് നോക്കിയപ്പോഴാണ് രണ്ടു ദിവസം മുന്നേ മോഷ്ടാക്കൾ വീട്ടിൽ കയറുന്ന ദൃശ്യം കണ്ടത്. ഉടനെ സമീപം താമസിക്കുന്ന സഹോദരനെ വിവരമറിയിച്ചു. സഹോദരൻ വരാപ്പുഴ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തി.
വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ല. രണ്ടു യുവാക്കളും ഒരു പ്രായമായ ആളുമാണ് മോഷണത്തിനായി എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിലുണ്ട്. രാത്രി കാലങ്ങളിൽ ഈ ഭാഗത്തു പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.