ആംബുലൻസ് സർവീസ് നിർത്തി: സമരവുമായി യൂത്ത് കോണ്‍ഗ്രസ്
1438438
Tuesday, July 23, 2024 7:01 AM IST
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ ആംബുലൻസ് സേവനം നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പായിപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എച്ച്. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാലിഹ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ആംബുലൻസ് അറ്റക്കുറ്റപ്പണികൾക്കായി പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം. 2012ൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് പഞ്ചായത്തിൽ ആംബുലൻസ് സേവനം നടപ്പാക്കിയത്. സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ സേവനം നൽകുകയെന്നതായിരുന്നു പഞ്ചായത്ത് ഭരണസമിതി നയം.
എംസി റോഡിൽ അപകടം നടന്നാൽ ആദ്യം ആശ്രയിക്കുന്നതും പായിപ്ര പഞ്ചായത്തിന്റെ ആംബുലൻസ് സൗകര്യമാണ് എന്നിരിക്കെ അറ്റക്കുറ്റപ്പണികളുടെ പേരിൽ അനിശ്ചിതകാലമായി സേവനം നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എത്രയും വേഗം സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ നേരിൽ കണ്ട് പരാതി നൽകി. അഫ്സൽ വിളിക്കത്ത്, മുഹമ്മദ് സ്വാലിഹ്, ഫാസിൽ സൈനുദ്ധീൻ, ഷാൻ പ്ലാക്കുടി തുടങ്ങിയവർ പ്രസംഗിച്ചു.