ഹജ്ജ്: മടക്കയാത്ര പൂർത്തിയായി
1438097
Monday, July 22, 2024 4:10 AM IST
നെടുമ്പാശേരി : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി എംമ്പാർക്കേഷനിൽ നിന്നും ഈ വർഷത്തെ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടിരുന്ന ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി. ഇന്നലെ എത്തിയ അവസാന വിമാനത്തിൻ 83 ഹാജിമാരാണ് മടങ്ങിയെത്തിയത്.
ഹജ്ജ് കമ്മിറ്റി അംഗം സഫർ കയാൽ, എയർപോർട്ട് ഡയറക്ടർ മനു. എസ്, മുൻ ഹജ്ജ് കമ്മിറ്റി അംഗം മുസമ്മിൽ ഹാജി, ക്യാംപ് കോഡിനേറ്റർ ടി.കെ സലിം, മുസ്തഫ ടി. മുത്തു, എൻ.പി ഷാജഹാൻ, അൻസാരി, ഹജ്ജ് സെൽ മെമ്പർമാർ, വളണ്ടിയർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അവസാന സംഘത്തെ സ്വീകരിച്ചത്.
ഈ വർഷത്തെ ഹജ്ജ് കർമ്മത്തിൽ പങ്കെടുത്ത് പുണ്യം നുകരാൻ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയോടെയാണ് ഹാജിമാർ വിമാനത്താവളത്തിൽ നിന്നും വീടുകളിലേക്ക് മടങ്ങിയത്. ഹജ്ജ് കർമ്മം സുഗമമായി നിർവ്വഹിക്കാൻ കഴിഞ്ഞുവെന്നും ഒരിടത്തും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നില്ലെന്നും മടങ്ങിയെത്തിയവർ പറഞ്ഞു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയ്ക്കും ഹജ്ജ് ക്യാംപ് സംഘാടക സമിതി അംഗങ്ങൾക്കും നന്ദി പറഞ്ഞാണ് ഹാജിമാർ യാത്രയായത്. ഈ മാസം പത്തിനാണ് നെടുമ്പാശ്ശേരി വഴിയുള്ള ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചത്. 4478 പേരാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് വഴി യാത്ര തിരിച്ചിരുന്നത്. ഇതിൽ പത്ത് പേർ പുണ്യഭൂമിയിൽ മരണപ്പെട്ടു. മറ്റ് ചിലർ ജോലി ആവശ്യാർത്ഥം വിദേശരാജ്യങ്ങളിലേക്കും മറ്റുമായി സ്വന്തം നിലയിൽ മടങ്ങിയിരുന്നു.
ബാക്കിയുള്ള മുഴുവൻ ഹാജിമാരും മടങ്ങിയെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള തീർഥാടകർക്ക് പുറമെ ലക്ഷദ്വീപ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരും നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് വഴി ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പുറപ്പെട്ട സംഘത്തിൽ ഉണ്ടായിരുന്നു. 11 ദിവസങ്ങളിലായി സഊദി എയർലൈൻസിൻ്റെ 16 വിമാനങ്ങളാണ് മയക്കയാത്രയ്ക്കായി സർവീസ് നടത്തിയത്.
നെടുമ്പാശ്ശേരിയിൽ നിന്നും ജിദ്ദ വിമാനത്താവളം വഴി പുണ്യഭൂമിയിൽ എത്തിയ ഹാജിമാർ മദീന വിമാനത്താവളത്തിൽ നിന്നാണ് നാട്ടിലേക്ക് മടങ്ങിയത്. ഓരോ ഹാജിമാർക്കും അഞ്ച് ലിറ്റർ വീതം സംസം വെള്ളം വിമാനത്താവളത്തിൽ വച്ച് വിതരണം ചെയ്തു. ഹാജിമാർക്ക് ചായയും സ്നാക്സും നമസ്ക്കാരിക്കാനുള്ള സൗകര്യവും വിമാനത്താവളത്തിൽ തന്നെ ഏർപ്പെടുത്തിയിരുന്നു.
ഹാജിമാരെ സ്വീകരിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് സിയാൽ ഏർപ്പെടുത്തിയിരുന്നത്. സുരക്ഷാ - കസ്റ്റംസ് പരിശോധനകൾ വേഗത്തിലാക്കുന്നതിനും രാജ്യാന്തര ടെർമിനലിൽ വിശ്രമിക്കുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിരുന്നു.
മടങ്ങിയെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനായി രാജ്യാന്തര ടെർമിനലിന് അകത്തും പുറത്തുമായി 40 ഓളം വളണ്ടിയർമാരെയും ചുമതലപ്പെടുത്തിയിരുന്നു. പുറത്ത് കാത്തുനിൽക്കുന്ന ബന്ധുക്കളുടെ അടുത്തേക്ക് ലഗേജുകൾ സഹിതം ഹാജിമാരെ എത്തിച്ചതും വളണ്ടിയർമാരാണ്.