നിർമാണം തടസപ്പെടുത്താൻ ഭരണകക്ഷിയംഗം ശ്രമിക്കുന്നതായി ആരോപണം
1437700
Sunday, July 21, 2024 4:08 AM IST
മൂവാറ്റുപുഴ : കാവുങ്കരയിലെ മൂവാറ്റുപുഴ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ബലപ്പെടുത്തുന്നതിന് കൗണ്‍സിൽ എടുത്ത തീരുമാനം തടസപ്പെടുത്തുന്ന നടപടിയിൽ നിന്ന് നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുൽ സലാം പിന്മാറണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ആർ. രാകേഷ്.
വർഷങ്ങളോളം ത്രീ സ്റ്റാർ ബീഡി കന്പനി പ്രവർത്തിച്ചു വന്നിരുന്ന കെട്ടിടം കാലപഴക്കത്താൽ ജീർണാവസ്ഥയിലാകുകയായിരുന്നു. മാർക്കറ്റ് ബസ് സ്റ്റാന്റിൽ നിന്ന് ന്യൂ ബസാറിലേക്ക് പോകുന്ന റോഡരുകിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്.
ഈ സാഹചര്യത്തിൽ കെട്ടിടം ബലപ്പെടുത്തി സംരക്ഷിക്കാൻ കഴിഞ്ഞ ഇടത് കൗണ്‍സിൽ തീരുമാനിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിച്ചതോടെ പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല. ഇതിന്റെ തുടർച്ചയെന്നോണം നിലവിലെ യുഡിഎഫ് കൗണ്‍സിലും അപകടാവസ്ഥയിലുളള കെട്ടിടം ബലപ്പെടുത്താൻ ഏകകണ്ഠമായി തീരുമാനിച്ച് ആറ് ലക്ഷം അനുവദിച്ചിരുന്നു.
വർക്ക് ടെൻഡർ ചെയ്ത് കരാർ ഉറപ്പിച്ചതോടെ ബലപ്പെടുത്തൽ പ്രവർത്തനവും ആരംഭിച്ചു. എന്നാൽ നിർമാണം ആരംഭിച്ച് ഏതാനും ദിവസത്തിനകം നിർത്തിവക്കുകയായിരുന്നു. സ്ഥിരംസമിതി അധ്യക്ഷന്റെ ഇടപെടൽ മൂലമാണ് നിർമാണം നിർത്തിയതെന്ന മറുപടിയാണ് ലഭിച്ചതെന്നും ആർ. രാകേഷ് പറഞ്ഞു.
നിർമാണം തടസപ്പെടുത്താൻ ഭരണകക്ഷിയംഗം തന്നെ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണെന്നും നിർത്തിവച്ച നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും ആർ. രാകേഷ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.