മാവോയിസ്റ്റ് നേതാവ് മനോജ് റിമാന്‍ഡില്‍
1437463
Saturday, July 20, 2024 3:28 AM IST
കോടതിയില്‍ ഹാജരാക്കിയപ്പോഴും മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കി
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) പിടിയിലായ മാവോയിസ്റ്റ് നേതാവ് തൃശൂര്‍ ഏവണ്ണൂര്‍ പടിഞ്ഞാറത്തറ വീട്ടില്‍ മനോജിനെ (31) കോടതി റിമാന്‍ഡ് ചെയ്തു. തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ വാണ്ടഡ് ലിസ്റ്റില്‍ ഉണ്ടായിരുന്ന ഇയാളെ ഇന്നലെ ഉച്ചയോടെയാണ് സായുധസംഘത്തിന്റെ അകമ്പടിയോടെ എറണാകുളം സെഷന്‍സ് കോടതി ഏഴില്‍ ഹാജരാക്കിയത്.
കോടതിയില്‍ ഹാജരാക്കിയപ്പോഴും ഇയാള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചു. കൂടാതെ കസ്റ്റഡിയില്‍ മര്‍ദനമേറ്റതായി ഇയാള്‍ കോടതിയോട് പറഞ്ഞു. തുടര്‍ന്ന് കോടതി എടിഎസിനോട് മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഇന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും. എടിഎസിന്റെ കസ്റ്റഡി അപേക്ഷയും ഇതോടൊപ്പം കോടതി പരിഗണിക്കും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.
സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിലിരിക്കെ, വ്യാഴാഴ്ചയാണ് മനോജ് എടിഎസിന്റെ പിടിയിലായത്. അരീക്കോട് നിന്നുള്ള തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നെടുമ്പാശേരിയിലെ എടിഎസ് ആസ്ഥാനത്ത് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ഇയാളെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്.
വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്കിടയിലെ സന്ദേശവാഹകന് എന്ന നിലയിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ബ്രഹ്മപുരത്തുനിന്ന് സംഘടനാ പ്രവര്‍ത്തനത്തിനും മറ്റുമായി പണം മടങ്ങുമ്പോഴായിരുന്നു അറസ്റ്റ്. പണം നല്കിയ ആള് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
വിദ്യഭ്യാസകാലഘട്ടത്തില്‍ ഇടത് അനുഭാവിയായിരുന്ന മനോജ് എന്‍ജിനിയറിംഗിന് പഠിക്കുമ്പോഴാണ് മാവോയിസ്റ്റ് അനുഭാവികളുമായി അടുക്കുന്നതും തീവ്ര ആശയത്തിലേക്ക് വഴിതിരിയുന്നതും. 2022ലാണ് മനോജ് കാടുകയറുന്നത്. 2023 മുതല്‍ കാണാതായ ഇയാള്‍ മാവോയിസ്റ്റ് സംഘത്തോടൊപ്പമാണെന്ന് എടിഎസ് സംശയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്. 14 യുഎപിഎ കേസുകളില്‍ പ്രതിയാണ് മനോജ്.