ഡെങ്കിപ്പനിക്ക് പിന്നാലെ ജില്ലയിൽ എച്ച്1 എന്‍1
1437462
Saturday, July 20, 2024 3:28 AM IST
നാലു ദിവസത്തിനിടെ അഞ്ച് പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു
കൊച്ചി: ഡെങ്കിപ്പനിക്ക് പിന്നാലെ ജില്ലയില്‍ ആശങ്ക പടര്‍ത്തി എച്ച്1 എന്‍1 ഉം. പനി ബാധിച്ച് മരിച്ച നാലുവയസുകാരന് എച്ച്1എന്‍ 1 സംശയിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ നാലു ദിവസത്തിനിടെ അഞ്ചു പേര്‍ക്കാണ് എച്ച്1എന്‍1 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനു പുറമേ ഏഴു പേര്‍ക്ക് എലിപ്പനിയും ആറു പേര്‍ക്ക് മഞ്ഞപ്പിത്തവും ഒരാള്‍ക്ക് മലേറിയയും സ്ഥിരീരിച്ചു. 165 പേര്‍ക്കാണ് ഈ ദിവസങ്ങളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.
നാലു ദിവസത്തിനിടെ 4262 പേര് ജില്ലയില്‍ പനിക്ക് ചികിത്സ തേടി. മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വ്യക്തി ശുചിത്വമടക്കമുള്ളവ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ജില്ലയില്‍ എച്ച്1എന്‍1 അടക്കം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ ചികിത്സ തേടേണ്ടതാണ്.
എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സ വിഭാഗത്തില്‍പ്പെട്ട വൈറസ് പനി
ഇന്‍ഫ്ളുവന്‍സ വിഭാഗത്തില്‍പ്പെട്ട വൈറസ് പനിയാണിത്. വായുവിലൂടെയാണ് വൈറസ് പകരുന്ന ത്. ചുമ, തൊണ്ടവേദന, ശ്വാസതടസം, ചുമയ്ക്കുമ്പോള്‍ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛര്‍ദ്ദി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചിലരില്‍ ശക്തമായ രോഗലക്ഷണങ്ങള്‍ കാണിക്കും. ഇവരില്‍ അസാധാരണമായ പനി, ശ്വാസംമുട്ടല്‍ എന്നിവയുമുണ്ടാകും. എന്നാല്‍ മറ്റുള്ളവരില്‍ ലക്ഷണങ്ങള്‍ വളരെ സാധാരണമാണ്.
വൈറസിനെ നശിപ്പിക്കുന്ന ഒസള്‍ട്ടാമിവിര്‍ എന്ന മരുന്നാണ് എച്ച്1എന്‍1 രോഗത്തിന് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. അസുഖം ബാധിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ രോഗപ്രതിരോധത്തിനും ഈ മരുന്ന് നല്‍കാറുണ്ട്. ചികിത്സയ്ക്കായി അഞ്ചു ദിവസത്തേക്കും പ്രതിരോധത്തിനായി 10 ദിവസത്തേക്കുമാണ് മരുന്ന് നല്‍കുന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകാരംമാത്രം ഉപയോഗിക്കണം.
പ്രതിരോധിക്കാം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മുഖവും മൂടിപിടിക്കുക. ആരോഗ്യവകുപ്പിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക. വീടുകളില്‍ രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം വൈദ്യസഹായം തേടണം. രോഗലക്ഷണങ്ങള്‍ കുറയുന്നതുവരെ വീടുകളില്‍ത്തന്നെ തുടരണം.
വീട്ടിലുള്ള മറ്റുള്ളവരുമായും പുറത്തുള്ളവരുമായുള്ള സമ്പര്‍ക്കം കഴിവതും കുറയ്ക്കുക. കൈകള്‍ വൃത്തിയായി കഴുകുക. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ഓരോ തവണയും കൈകഴുകുക.