മഴക്കെടുതികൾക്ക് ശമനമില്ല
1437205
Friday, July 19, 2024 3:54 AM IST
കാറുകൾക്ക് മുകളിലേക്ക് മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു
മൂവാറ്റുപുഴ: ശക്തമായ മഴയ്ക്കൊപ്പമെത്തിയ കാറ്റിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണു. ജനറൽ ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്താണ് ഇന്നലെ രാവിലെ 11.30ഓടെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണത്. മൂവാറ്റുപുഴ അഗ്നിരക്ഷാസേനയെത്തിയാണ് ശിഖരം നീക്കം ചെയ്തത്.
മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു
മൂവാറ്റുപുഴ: റബർ മരം കടപുഴകി വീണ് സൗത്ത് മാറാടി കായനാട് റോഡിൽ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 10.30ഓടെ മാറാടി പഞ്ചായത്ത് കായനാടാണ് സ്വാകാര്യ വ്യക്തിയുടെ പുരടിയത്തിൽ നിന്നിരുന്ന റബർ മരം വൈദ്യുതി ലൈനുകൾ തകർത്ത് റോഡിലേക്ക് പതിച്ചത്.
40 ഇഞ്ചോളം വലിപ്പമുള്ള മരം കടപുഴകി വീണതിനെതുടർന്ന് റോഡിൽ ഗതാഗതവും പ്രദേശത്ത് വൈദ്യുതി വിതരണവും തടസപ്പെട്ടു.
മൂവാറ്റുപുഴ അഗ്നിരക്ഷാസേനയും കെഎസ്ഇബി ജീവനക്കാരും ചേർന്ന് മരം മുറിച്ചുനീക്കിയാണ് ഗതാഗതവും വൈദ്യുതി വിതരണവും പുനസ്ഥാപിച്ചത്.