അമല ഭവന് റോഡില്‍ വെള്ളക്കെട്ട്
1437198
Friday, July 19, 2024 3:54 AM IST
അങ്കമാലി: അമല ഫെല്ലോഷിപ്പിനു കീഴില്‍ പീച്ചാനിക്കാട് ഐക്ക്യാട്ടുകടവില് പ്രവര്‍ത്തിക്കുന്ന അമല ഭവന് പെയിന്‍ ആൻഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിനു മുന്നിലുള്ള റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായി. കാല്‍നട യാത്രക്കാര്‍ മുട്ടൊപ്പം വെള്ളത്തിലൂടെയാണ് കടന്നുപോകുന്നത്.
നൂറിലധികം വൃക്ക, കാന്‍സര്‍ രോഗികള്‍ താമസിക്കുന്ന അമല ഭവനില്‍ നിന്നും നിത്യേന ഡയാലിസിസിനും, കീമോ തെറാപ്പി ഉള്‍പ്പെടെയുള്ള ഇതര ചികിത്സകള്‍ക്കുമായി വിവിധ ആശുപത്രികളിലേക്ക് പോയിവരുന്ന വഴിയാണിത്.
വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമല ഭവന് അഡ്മിനിസ്ട്രേറ്റര്‍ ആന്റു പെരുമായന്, വൈസ് പ്രസിഡന്റ് ് ഡാന്റി കാച്ചപിള്ളി, ജനറല്‍ സെക്രട്ടറി ജോര്‍ജ് പടയാട്ടില്‍, മാനേജര്‍ ഫാ. എല്‍ദോ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ അങ്കമാലി നഗരസഭാ അധികൃതര്‍ക്ക് നിവേദനം നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭാധ്യക്ഷന്‍ മാത്യു തോമസ്, സെക്രട്ടറി ജെയിന് വര്‍ഗീസ് പാത്താടന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.